റംസിയുടെ മരണം: സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം

single-img
28 September 2020

കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം. കൊല്ലം സെഷൻസ് കോടതിയാണ് ലക്ഷ്മി പ്രമോദിന് ജാമ്യം അനുവദിച്ചത്. ഒക്ടോബർ ആറാം തീയതി വരെ ഇവരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് ഉത്തരവ്.സീരിയലിന്റെ ഷൂട്ടിങ് ഉള്ളതിൽ ആറു വരെ അറസ്റ്റ് ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

റംസിയുടെ പ്രതിശ്രുതവരനും കേസിലെ ഒന്നാം പ്രതിയുമായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി. ലക്ഷ്മിയേയും ഭർത്താവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പ്രതിശ്രുത വരൻ വിവാഹത്തിൽനിന്ന് പിന്മാറിയതിനെ തുടർന്നാണ് കൊട്ടിയത്തെ യുവതി വീട്ടിൽ ജീവനൊടുക്കിയത്. സെപ്റ്റംബർ മൂന്നാം തീയതിയായിരുന്നു സംഭവം.

കേസിൽ പ്രതിശ്രുത വരൻ ഹാരിഷ് മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാളുടെ മാതാപിതാക്കൾക്കും സഹോദരനും സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദിനും സംഭവത്തിൽ പങ്കുണ്ടെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആരോപണം.