2020 സെപ്തംബർ 28 : പാലാരിവട്ടം പാലം പൊളിക്കുന്നു, 1984 സെപ്തംബർ 28: പഞ്ചവടിപ്പാലം റിലീസായി

single-img
28 September 2020

പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിനുള്ള നടപടികള്‍ ഇന്ന് ആരംഭിച്ചു കഴിഞ്ഞു. എട്ടുമാസത്തിനുള്ളില്‍ പാലം പൊളിച്ചു പണിയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പൊളിക്കല്‍ ആരംഭിക്കുന്നതിനു മുന്നോടിയായി പാലത്തില്‍ പൂജ നടന്നു. രാവിലെ ഒമ്പതു മണിയോടെ പാലം പൊളിക്കുന്നതിനുള്ള പ്രാഥമിക നടപടി ക്രമങ്ങള്‍ ആരംഭിച്ചിരുന്നു. 

സെപ്തംബർ 28ന് തുടങ്ങി ആറുമാസം കൊണ്ട്  ഈ `പഞ്ചവടിപ്പാല´ത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനു മുന്നിലുള്ളത്. ഈ സാഹചര്യത്തിലാണ് മറ്റൊരു സെപ്തംബർ 28 വീണ്ടും വാർത്തകളിൽ നിറയുന്നത്. 36 വർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബർ ഇരുപത്തിയെട്ടിനാണ് പഞ്ചവടിപ്പാലം എന്ന സിനിമ റിലീസാകുന്നത്. അത് ദിവസം തന്നെ പാലാരിവട്ടം പാലം പൊളിച്ചുതുടങ്ങുന്നു എന്ന പ്രതയേകതയാണ് സമൂഹ മാധ്യമങ്ങൾ ആഘോഷിക്കുന്നത്. 

അഴിമതിയിൽ മുങ്ങിക്കുളിച്ച പഞ്ചായത്ത് പ്രസിഡന്റ് ദുശാസ്സനക്കുറുപ്പിന്റെ നേതൃത്വത്തിൽ കെട്ടിപ്പൊക്കിയ പാലം ഉദ്ഘാടനച്ചടങ്ങിനിടെ തന്നെ തകർന്ന കഥയാണ് കെ.ജി.ജോർജ് സംവിധാനം ചെയ്ത ‘പഞ്ചവടിപ്പാലം ’ (1984) പറയുന്നത്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ ആക്ഷേപഹാസ്യ സിനിമയായിട്ടാണ് പഞ്ചവടിപ്പാലത്തെ വിശേഷിപ്പിക്കുന്നത്. വർഷമിത്ര കഴിഞ്ഞിട്ടും കാലിക പ്രസക്തമായി നിലകൊള്ളുന്ന സിനിമ. 

സംവിധാനം ചെയ്തത് കെ.ജി ജോർജ്ജ്. കെ.ജി ജോർജ്ജും യേശുദാസനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഗാന്ധിമതി ബാലനാണ് നിർമാണം. ഒരു പഞ്ചായത്തും അവിടുത്തെ ഭരണസമിതിയും പ്രതിപക്ഷവും ഒത്തു ചേർന്നുള്ള അവരുടെ ഭരണവും അഴിമതിയുമെല്ലാം വരച്ചുകാട്ടിയ ചിത്രത്തില്‍ മലയാളത്തിലെ അന്നത്തെ പ്രമുഖ താരങ്ങൾ അണി നിരന്നു. ഭരത് ഗോപി, ശ്രീവിദ്യ, തിലകൻ, നെടുമുടി വേണു, സുകുമാരി, ജഗതി ശ്രീകുമാർ, ശ്രീനിവാസൻ, കെ.പി ഉമ്മർ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചത്.