വിജയ് പി നായരോ, അതാര്? വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങൾ പറഞ്ഞത് താനാണെന്ന വിജയ് പി നായരുടെ ആരോപണം നിഷേധിച്ച് കലാസംവിധായകന്‍ പ്രേമചന്ദ്രന്‍

single-img
28 September 2020

പ്രമുഖ വ്യക്തികള്‍ക്കെതിരെ മോശമായ കാര്യങ്ങള്‍ യൂട്യൂബർ വിജയ്  പി നായരോടു പറഞ്ഞത് താനാണെന്ന ആരോപണം നിഷേധിച്ച് കലാസംവിധായകന്‍ പ്രേമചന്ദ്രന്‍. വിജയ് പി നായര്‍ തന്റെ യൂട്യൂബ് ചാനല്‍ വഴി മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് കലാസംവിധായകന്‍ പ്രേമചന്ദ്രന്‍ തന്നോട് പറഞ്ഞതാണെന്നാണ് വിജയ് പി നായര്‍ അവകാശപ്പെട്ടത്. ഈ ആരോപണം നിഷേധിച്ചാണ് പ്രേമചന്ദ്രന്‍ രംഗത്തെത്തിയത്. 

വിജയ് പി നായരെ കാണുകയൊ അങ്ങനെ ഒരു വ്യക്തിയെക്കുറിച്ച് കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്ന്  പ്രേമചന്ദ്രന്‍ വ്യക്തമാക്കി. വിവാദവുമായി തനിക്ക് ബന്ധമില്ലെന്നകാര്യം ജനങ്ങളുടെ മുമ്പില്‍ തെളിയിക്കണമെന്നും ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് വിജയ് പി നായര്‍ മെനഞ്ഞുണ്ടാക്കിയതെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ്‌ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ ദിവസം വിജയ് പി നായരെ മർദ്ദിച്ചിരുന്നു.