ഒന്നും അറിയിക്കാറില്ല, പലതും അറിയുന്നതു മാധ്യമങ്ങളിലൂടെ: സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ മുരളിധരൻ

single-img
28 September 2020

കോണ്‍ഗ്രസിലെ ഒരു കാര്യങ്ങളും താന്‍ അറിയുന്നില്ലന്ന് കെ മുരളീധരന്‍. പലതും അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. കേരളത്തിലെ കാര്യം കേരളത്തിലുള്ളവര്‍ നോക്കട്ടെ. തന്റെ ചുമതല ഡല്‍ഹിയില്‍ പാര്‍ലമെന്റിലാണെന്നും കെ മുരളീധരന്‍ പറഞ്ഞു. 

കെപിസിസി നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കിയാണ് കെ മുരളീധരൻ രംഗത്തെത്തിയത്. കോണ്‍ഗ്രസ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഇന്നലെ രാജിവെച്ചിരുന്നു. ഈ സ്ഥാനം ആലങ്കാരികമായി കൊണ്ടു നടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് രാജിക്കത്ത് നല്‍കിയെന്നും മുരളീധരൻ വ്യക്തമാക്കി. 

കോണ്‍ഗ്രസിന്റെഅകത്ത് നേതാക്കന്മാര്‍ക്ക് യാതൊരു ക്ഷാമവുമില്ല. കെ മുരളീധരന്‍ മാറിയാല്‍ ആയിരം മുരളീധരന്മാര്‍ വേറെയുണ്ടാകും പാര്‍ട്ടിക്കകത്ത്. അതൊന്നും പാര്‍ട്ടിയുടെ കെട്ടുറപ്പിനെയോ യുഡിഎഫിന്റെ വിജയസാധ്യതയേയോ ബാധിക്കില്ല- മുരളീധരൻ പറഞ്ഞു. 

പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ട്. പാര്‍ട്ടി പുനഃസംഘടനയിലടക്കം. എന്നാല്‍ പരസ്യമായ വിഴുപ്പലക്കലിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. ആ കാലഘട്ടം അവസാനിച്ചു എന്നും മുരളീധരന്‍ പറഞ്ഞു.