തോന്നുമ്പോൾ തോന്നുമ്പോൾ രാജിവയ്ക്കാനും മത്സരിക്കാനും പറ്റില്ല: എംപി സ്ഥാനം രാജിവച്ച് വട്ടിയൂർക്കാവിൽ മത്സരിക്കണമെന്ന ആവശ്യം തള്ളിയതാണ് കെ മുരളീധരൻ്റെ രാജിയ്ക്ക് പിന്നിലെ കാരണമെന്നു സൂചനകൾ

single-img
28 September 2020

തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് സംസ്ഥാന സർക്കാരിനെതിരെ രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങിയ കോൺഗ്രസിന് അപ്രതീതമായി ലഭിച്ച കനത്ത അടിയായി നേതാക്കളുടെ രാജി. ബെന്നി ബെഹനാന്റെയും കെ.മുരളീധരൻ്റെയും രാജിക്ക് പിന്നാലെ യു.ഡ‍ി.എഫിൽ കടുത്ത അസംതൃപ്‌തിയാണ് പുകയുന്നത്. ആഭ്യന്തര തർക്കം മുന്നണിയെ ബാധിക്കുന്നുവെന്നുമാണ് ലീഗ് നിലപാട്. 

സംസ്ഥാന സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മുന്നോട്ട് പോകുന്നതിനിടെയുണ്ടായ കൺവീനറുടെ രാജി മുന്നണിയ്ക്ക് തിരിച്ചടിയുണ്ടായെന്നാണ് ഘടകകക്ഷികളുടെ അഭിപ്രായം. നിയമസഭയിലേക്ക് മടങ്ങിവരണമെന്ന ആഗ്രഹം സംസ്ഥാനനേതൃത്വം അംഗീകരിക്കാത്തതും കെപിസിസി പുന:സംഘടനയിലെ അതൃപ്‌തിയും മുരളീധരന്റെ രാജിക്ക് പിന്നിലെ കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്. വട്ടിയൂർക്കാവ് നിയമസഭാ സീറ്റിൽ വീണ്ടും മത്സരിച്ച് സംസ്ഥാനത്തേക്ക് മടങ്ങിവരാൻ താത്പര്യം പ്രകടിപ്പിച്ച മുരളിധരൻ്റെ ആഗ്രഹം സംസ്ഥാനനേതൃത്വം അംഗീകരിക്കാത്തതിനെ തുടർന്നാണ് മുരളീധരൻ രാജിവച്ചത് എന്നാണ് സൂചനകൾ. 

ബെന്നിയുടെ രാജിക്ക് തൊട്ടുപിന്നാലെയാണ് മുരളീധരൻ്റെ അപ്രതീക്ഷിത രാജിയും തുറന്ന് പറച്ചിലും എത്തിയത്. വേണ്ടാത്തിടത്ത് വലി‍ഞ്ഞ് കേറി നിൽക്കേണ്ടെന്ന മുരളിയുടെ പരാമർശം നേതൃത്വത്തിനെതിരായ പരസ്യനിലപാടാണെന്നും കോൺഗ്രസിനുള്ളിൽത്തന്നെ വിലയിരുത്തലുണ്ട്. 

മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഉമ്മൻചാണ്ടിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ തിളക്കമുള്ളതാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കോൺഗ്രസിന് ഉളളിലെ പൊട്ടിത്തെറി പടരുന്നത്. തിരഞ്ഞെടുപ്പ് കാലം അടുത്തിരിക്കെ കോൺഗ്രസിൽ വീണ്ടും തമ്മിൽത്തല്ല് കാലം ആരംഭിക്കുന്നുവെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.