ഗർഭിണിക്ക് ചികിത്സാ നിഷേധം: ആരോ​ഗ്യമന്ത്രി രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ

single-img
28 September 2020

ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ചസംഭവത്തിലും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതിലും ആരോ​ഗ്യവകുപ്പാണ് ഉത്തരവാദിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോ​ഗ്യമന്ത്രി രാജിവെക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

എന്റെ മക്കളെ കൊന്നുകളഞ്ഞു, എന്റെ ഭാര്യക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന മരിച്ച ഇരട്ടക്കുട്ടികളുടെ അച്ഛന്റെ വിലാപം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. കേരളത്തിലെ ആരോ​ഗ്യമേഖല താറുമാറായിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

കൊവിഡ് മുക്തയായ യുവതിക്ക് മഞ്ചേരിമെഡിക്കൽ കോളേജ് ഉൾപ്പെടെ രണ്ട് സർക്കാർ ആശുപത്രികളിലും മൂന്ന് സ്വകാര്യ ആശുപത്രികളിലും ചികിത്സ നിഷേധിക്കപ്പെട്ടത് എങ്ങനെയാണെന്ന് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കണം. ആന്റിജൻ ടെസ്റ്റിന്റെ റിസൽട്ട് ഉണ്ടായിട്ട് പോലും പി.സി.ആർ ടെസ്റ്റിന്റെ റിസൽട്ട് വേണമെന്ന് വാശിപിടിച്ച് ഇരട്ടക്കുട്ടികളെ കൊലയ്ക്ക് കൊടുക്കുകയായിരുന്നു.

കോവിഡ് തുടങ്ങിയതു മുതൽ ചികിത്സ ലഭിക്കാതെ നിരവധി മരണങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് രോ​ഗിയെ പുഴുവരിച്ച സംഭവം കേരളത്തിലെ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാണെന്നതിന്റെ മറ്റൊരു ഉദാഹരണമാണ്. ആലപ്പുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം വൈകിച്ച് അധികൃതർ യുവതിയുടെ മൃതദ്ദേഹത്തോട് അനാദരവ് കാട്ടി. കോവിഡ് രോ​ഗികളെ താമസിപ്പിക്കാനും മറ്റ് രോ​ഗികൾക്ക് ചികിത്സ കൊടുക്കാനുമുള്ള സംവിധാനം ഒരുക്കുന്നതിൽ ആരോ​ഗ്യവകുപ്പ് പൂർണ്ണമായും പരാജയപ്പെട്ടുവെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.