ഒന്നരമണിക്കൂറിനുള്ളിൽ ഫലമറിയാൻ കഴിയുന്ന കോവിഡ് പരിശോധനാ കിറ്റ് ഇന്ത്യ വികസിപ്പിച്ചു

single-img
28 September 2020

ഒന്നരമണിക്കൂറിനുള്ളിൽ ഫലമറിയാൻ കഴിയുന്ന ആർടിപിസിആർ. ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ഇന്ത്യൻ കമ്പനി. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനുകീഴിലുള്ള ‘സ്റ്റാർട്ടപ്പ്’ കമ്പനിയാണ് കിറ്റ് വികസിപ്പിച്ചത്. ‘ഇക്വയ്‌ൻ ബയോടെക്’ എന്ന സ്റ്റാർട്ട്അപ്പ് കമ്പനിയാണ് കോവിഡ് പരിശോധനാരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാവുന്ന കിറ്റ് നിർമിച്ചത്. 

നിലവിൽ ഉപയോഗിക്കുന്ന ടെസ്റ്റ് കിറ്റുകളിൽ ഭൂരിഭാഗവും വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്നതാണ്. പരിശോധിക്കാനുള്ള ചെലവും കൂടുതൽ. പുതിയ പരിശോധനക്കിറ്റ് വ്യാപകമായാൽ സാധാരണക്കാർക്ക് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തൽ. 

വേഗത്തിൽ ഫലമറിയാൻ കഴിയുന്നതിനൊപ്പം പരിശോധനച്ചെലവും കുത്തനെ കുറയ്ക്കാൻ കഴിയുമെന്ന് ഐഐഎസ്‌സിയിലെ ബയോകെമിസ്ട്രി പ്രൊഫസറും ഇക്വയ്‌ൻ ബയോടെക്കിന്റെ സ്ഥാപകനുമായ ഡോ. ഉദ്പൽ താതു പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതിയും ‘ഗ്ലോബൽ ഡയഗ്‌നോസ്റ്റിക് കിറ്റ്’ എന്നുപേരിട്ട പരിശോധനാ കിറ്റിന് ലഭിച്ചിട്ടുണ്ട്.

സാധാരണ ആർടിപിസിആർ കിറ്റുകളുപയോഗിച്ച് നടത്തുന്ന പരിശോധനകളിൽ ഫലമറിയാൻ 12 മണിക്കൂർമുതൽ 18 മണിക്കൂർവരെയാണ് വേണ്ടിവരുന്നത്. കോവിഡ്‌വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഫലമറിയാൻ വൈകുന്നത് പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കും. വേഗത്തിൽ ഫലമറിയാൻ കഴിഞ്ഞാൽ രോഗികളുടെ സമ്പർക്കം കുറയ്ക്കാമെന്നുള്ളതാണ് ഉപയോഗം. 

കിറ്റുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം തുടങ്ങുന്നതിന്, ഈ രംഗത്ത്‌ പ്രവർത്തിക്കുന്ന കമ്പനികളുമായി സഹകരിക്കാനുള്ള നടപടികൾ തുടങ്ങിയതായി ‘ഇക്വയ്‌ൻ ബയോടെക്’ അധികൃതർ അറിയിച്ചു.