മാറാരോഗത്തിനു ഞാൻ മരുന്നു കണ്ടുപിടിച്ചു, പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രാലയവും അംഗീകാരം നൽകി: എസ്കെ മുരളിക്കാണി രംഗത്ത്

single-img
28 September 2020

ലോകവും രാജ്യവും സംസ്ഥാനവും കോവിഡ് ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ദിനംപ്രതി രോഗവ്യാപനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഫലപ്രദമായ വാക്സിൻ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ ഈ മഹാമാരിയുടെ പിടിയിൽ നിന്നും ജനങ്ങൾ എന്നു മോചിതരാകുമെന്ന് പറയാനാകാത്ത സ്ഥിതിയിലാണ്. ഇതിനിടയിലാണ് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ നിന്നും വ്യത്യസ്തമായ ഒരു പരസ്യം ജനശ്രദ്ധയാകർഷിക്കുന്നത്. 

ഞാൻ തന്നെയാണ് മാറാരോഗത്തിനു മരുന്ന് കണ്ടുപിടിച്ചത് എന്നാണ് പ്രധാന പരസ്യ വാചകം. എസ് കെ മുരളിക്കാണിയുടെ പേരിലാണ് പരസ്യം കുളത്തൂപ്പുഴയിൽ പ്രത്യക്ഷപ്പെട്ടത്. കുളത്തൂപ്പുഴയിലെ പ്രധാനയിടങ്ങളിലെല്ലാം ഈ പരസ്യം പതിച്ച  പോസ്റ്റററുകൾ പതിപ്പിച്ചിട്ടുണ്ട്. 

താൻ കണ്ടുപിടിച്ച മരുന്നിന് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രാലയവും അംഗീകാരം നൽകിയതാണെന്നും മുരളിക്കാണി പോസ്റ്ററിലൂടെ സൂചിപ്പിച്ചിട്ടുണ്ട്. ശിവ-പാർവ്വതി, ഗണപതി, മുരുകൻ എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

മുപ്പത്തി മുക്കോടി ദേവൻമാരും ദേവിമാരും കുടികൊള്ളുന്ന ക്ഷേത്രം ഉടൻതന്നെ പ്രവർത്തനം ആരംഭിക്കുമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. എന്നാൽ എവിടെയാണ് ക്ഷേത്രം ആരംഭിക്കുന്നതെന്നോ എന്ന് പ്രവർത്തനം ആരംഭിക്കുമെന്നോ ഉള്ള സൂചനകളൊന്നും പോസ്റ്ററിൽ നൽകിയിട്ടില്ല. 

എസ്കെ മുരളിക്കാണി, ശ്രീകെെലാസം, കുഴവിയോട്, കൊടുതിപ്പാറ, കടമാൻകോട് പിഒ എന്ന വിലാസമാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്. എന്തായാലും സാധാരണക്കാരിൽ വലിയ ജിജ്ഞാസയുയർത്താൻ പോസ്റ്ററിനു കഴിഞ്ഞിട്ടുണ്ട്.