വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ 23 ആരോഗ്യ പ്രവര്‍ത്തകര്‍ ഖത്തറില്‍ കരിമ്പട്ടികയില്‍

single-img
28 September 2020

ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി എന്ന കുറ്റത്തിന് 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തതായി ഖത്തർപൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിൽ ജോലി ചെയ്യുന്നതിനുള്ള അനുമതിക്കായാണ് ഇവർ ഇത്തരത്തിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയത്.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കരിമ്പട്ടികയിൽ ഉൾപ്പെട്ടവരിൽ 17 ഡോക്ടര്‍മാര്‍, രണ്ട് നഴ്‍സുമാര്‍, ഇതര മെഡിക്കല്‍ മേഖലകളിലെ നാല് പേര്‍ എന്നിവർ ഉൾപ്പെടുന്നു. നിലവിൽ കണ്ടെത്തിയ വ്യാജ സര്‍ട്ടിഫിക്കറ്റുകളിൽ കൂടുതലും പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുള്ളവയായിരുന്നു. ഈ രേഖകള്‍ സൂക്ഷ്‍മമായി പരിശോധിച്ചപ്പോഴാണ് ഇവ വ്യാജമാണെന്ന് കണ്ടെത്തിയത്.

ഇതിനെ തുടര്‍ന്ന് എല്ലാവര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു. നിലവിലും ഭാവിയിലും ഖത്തറില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് ഇവരെ വിലക്കിയിട്ടുണ്ട്. നിയമപ്രകാരമുള്ള തുടര്‍ നടപടികളുമായി ഭാഗമായി ഇവരുടെ പേരുകള്‍ എല്ലാ ജിസിസി രാജ്യങ്ങള്‍ക്കും കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് സാധാരണഗതിയിൽ രജിസ്ട്രേഷനും ലൈസന്‍സിനുമായി ലഭിക്കുന്ന അപേക്ഷകളില്‍ സൂക്ഷ്‍മമായ പരിശോധന നടത്തിയ ശേഷമാണ് നടപടികള്‍ സ്വീകരിക്കാറുള്ളതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത്കെയര്‍ പ്രൊഫഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. സാദ് റാഷിദ് അല്‍ കാബി മാധ്യമങ്ങളെ അറിയിച്ചു.