വീണ്ടും ലോക്ഡൗണിലേക്ക്? ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ സഹകരിക്കുമെന്നു ചെന്നിത്തല

single-img
28 September 2020

കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നാളെ വൈകീട്ട് നാലന് സര്‍ക്കാര്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നിയന്ത്രണനടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിട്ടുള്ളത്. 

സംസ്ഥാനത്ത് മിക്ക ജില്ലകളിലും കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലേക്ക് കടക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇന്ന് വൈകീട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുകയാണ്. ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍, ഡിജിപി, ആരോഗ്യ വിദഗ്ധര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. 

മുഖ്യമന്ത്രി വിളിച്ചെന്നും, ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കം. ഇത്തരം നിര്‍ദേശങ്ങളാണ് ജില്ലാ കളക്ടര്‍മാര്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചത്. തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമാണെന്നും, ജില്ലയിലെ രണ്ട് താലൂക്കുകള്‍ അടച്ചിടണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. 

തിരുവനന്തപുരം ജില്ലാ ഭരണകൂടം സര്‍ക്കാരിനോട് ചില ആവശ്യങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. പൊതു ഗതാഗതം നിരോധിക്കണം, സ്വകാര്യ വാഹനയാത്ര നിയന്ത്രിക്കണം, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഫലപ്രദമല്ലെന്നും, പകരം നിയന്ത്രണം വാര്‍ഡു തലത്തിലേക്ക് വ്യാപിപ്പിക്കണമെന്നുമാണ് നിർദ്ദേശങ്ങൾ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങളുള്ള പ്രത്യക്ഷസമരങ്ങള്‍ അവസാനിപ്പിക്കുന്നതായി യുഡിഎഫ് അറിയിച്ചിട്ടുണ്ട്.