കേരളത്തിലെ ആദ്യ ഐഎസ് കേസിൽ ജീവപര്യന്തം വിധിച്ച് കോടതി; ഒരുലക്ഷം രൂപ പിഴയും

single-img
28 September 2020

ഐഎസില്‍ ചേര്‍ന്ന് യുദ്ധം ചെയ്തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് കൊച്ചിയിലെ എന്‍ഐഎ കോടതി വിധിച്ചു. കഴിഞ്ഞ ദിവസം കേസില്‍ മൂവാറ്റുപുഴ സ്വദേശിയായ സുബ്ഹാനി ഹാജ മൊയ്തീന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ഐഎസിനായി ഭീകരാക്രമണങ്ങളില്‍ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ ഏകവ്യക്തിയാണ് സുബ്ഹാനി ഹാജ. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരം കേസില്‍ ഒരാള്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തുന്നത്. ഏഷ്യന്‍ സൗഹൃദ രാജ്യങ്ങള്‍ക്ക് എതിരെ യുദ്ധം ചെയ്യുക ,ഗൂഢാലോചന നടത്തുക ,തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുക ,അതിനു സഹായം ചെയ്യുക അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാവിധി. 

മുപ്പതാമത്തെ വയസ്സിലാണ് സുബ്ഹാനി തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെടുന്നത്. 2014 ല്‍ ഐഎസിനൊപ്പം ചേര്‍ന്നു. ഒരു ഘട്ടത്തിലും അതില്‍ മനംമാറ്റം ഉണ്ടായിട്ടില്ല. അതുകൊണ്ട് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടത്. 

തീവ്രവാദി അല്ലെന്നും സമാധാനത്തില്‍ വിശ്വസിക്കുന്ന ആളാണെന്നും സുബ്ഹാനി കോടതിയില്‍ പറഞ്ഞു. ഇന്ത്യയ്ക്ക് എതിരെയോ മറ്റു രാജ്യങ്ങള്‍ക്ക് എതിരെയോ യുദ്ധം  ചെയ്തിട്ടില്ലെന്നും സുബ്ഹാനി വാദിച്ചു.