യോഗി സര്‍ക്കാറിന്റെ പ്രസ്സ് റിലീസുകള്‍ ഇനിമുതല്‍ പുറത്ത് വരുന്നത് സംസ്‌കൃതത്തില്‍

single-img
27 September 2020

ഇനിമുതല്‍ യുപിയില്‍ യോഗി ആദിത്യനാഥ്‌ സര്‍ക്കാറിന്റെ പ്രസ്സ് റിലീസുകള്‍ പുറത്ത് വിടുന്നത് സംസ്കൃതത്തില്‍ ആയിരിക്കും. ഇപ്പോള്‍ ഉള്ളതുപോലെ ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു ഭാഷകളില്‍ കൂടാതെ ഇനിമുതല്‍ പ്രസ്സ് റിലീസുകളും മുഖ്യമന്ത്രിയുടെ പ്രസംഗവുമെല്ലാം സംസ്‌കൃതത്തിലും പുറത്തുവിടാന്‍ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ യോഗി സര്‍ക്കാര്‍ ചുമതലപ്പെടുത്തി കഴിഞ്ഞു.

ദിനംപ്രതി കൊവിഡ് കണക്കുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തുന്ന പ്രസ്സ് റിലീസും ഇനിമുതല്‍ സംസ്‌കൃതത്തില്‍ ലഭ്യമാവുമെന്നും സര്‍ക്കാര്‍ ചെയ്ത ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു. അതേപോലെ തന്നെ സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ട പ്രധാനവിവരങ്ങളും മുഖ്യമന്ത്രിയുടെ പ്രസംഗവും സംസ്‌കൃതത്തിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആദിത്യനാഥ്‌ ഭരണത്തില്‍ എത്തിയ ശേഷം കഴിഞ്ഞ വര്‍ഷം തന്നെ പ്രസ്സ് റിലീസുകള്‍ സംസ്‌കൃതത്തില്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത് തുടരാന്‍ കഴിയാതെ വരുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനം കൃത്യമായി നടത്തിക്കൊണ്ടുപോവുന്നതിനായി സംസ്‌കൃതത്തിനോട് താല്‍പര്യമുള്ള രണ്ട് പേര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സംസ്‌കൃതത്തോടുള്ള ഇഷ്ടം പല അവസരങ്ങളിലായി അദ്ദേഹം പ്രകടിപ്പിക്കുന്നതാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.