കിഫ്ബി മാതൃകയിൽ പുതിയ സംവിധാനം; സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനത്തിന് രണ്ട് ലക്ഷം കോടിയുടെ പദ്ധതി വരുന്നു

single-img
27 September 2020

കേരളത്തിന്റെ പശ്ചാത്തല വികസനത്തിന് രണ്ട് ലക്ഷം കോടി രൂപയുടെ പൊതുനിക്ഷേപത്തിനുള്ള പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഇതിനായി കിഫ്ബി പോലെയുള്ള പുതിയ മാതൃകകൾ കൊണ്ടുവരും. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിന്റെ 110-ാം വാർഷികദിനത്തിൽ മാധ്യമപ്രതിഭാസംഗമം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടുലക്ഷം കോടി രൂപ എന്നത് ചെറുതല്ല. എന്നാൽ ഇത് യാഥാർത്ഥ്യമാക്കാനാവും. ബജറ്റിൽ നിന്നും 75000 കോടി രൂപ വരെ പൊതുനിക്ഷേപം നടത്താം. രണ്ടുലക്ഷം കോടി രൂപയുടെ പൊതു നിക്ഷേപം നടത്തി കേരളത്തെ പരമ്പരാഗത വികസന രീതിയിൽ നിന്ന് മാറ്റിയേ മതിയാകൂ. വികസനത്തിൽ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്. പുതിയ പശ്ചാത്തല സൗകര്യങ്ങൾ വരുന്നതിന്റെ ഫലമായി അഭ്യസ്തവിദ്യർക്ക് കഴിവിന്റെ അടിസ്ഥാനത്തിൽ പുതിയ തൊഴിലവസരം സംസ്ഥാനത്ത് ഉണ്ടാകുകയും ചെയ്യും.

പൊതു നിക്ഷേപത്തിന് പണം സ്വരൂപിക്കാൻ വളരെ നൂതനമായ രീതികൾ അവലംബിക്കേണ്ടിവരും. കിഫ്ബി പണം സ്വരൂപിക്കുന്നത് സംസ്ഥാന വിരുദ്ധമായ നിബന്ധന സ്വീകരിച്ചല്ല. സംസ്ഥാന സർക്കാരിന് നേരിട്ട് വിവിധ സ്ഥാപനങ്ങളിൽ നിന്ന് പണം സ്വരൂപിക്കാനാവാത്തതിനാൽ പുതിയ സ്ഥാപനങ്ങൾ വഴി അത് നേടിയെടുക്കാം. വിവാദങ്ങളെ ഭയന്ന് പദ്ധതികളും ചുവടുവയ്പ്പുകളും വേണ്ടെന്ന് വയ്ക്കില്ല.
പത്രപ്രവർത്തനം കേവലം തൊഴിലല്ല, ലക്ഷ്യബോധമുള്ള സപര്യയാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച മഹാനായ പത്രാധിപരാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെന്ന് മന്ത്രി പറഞ്ഞു. ഐസി ഫോസിന്റെ സാങ്കേതിക സഹകരണത്തോടെയാണ് വെർച്വൽ കോൺഫറൻസ് സംഘടിപ്പിച്ചത്.