സൗദിയിൽ നിന്നും ജയിൽ മോചിതരായ ആയിരത്തോളംപേരെ നാട്ടിലെത്തിച്ചു: ഇന്ത്യൻ എംബസി

single-img
27 September 2020

സൗദിയിൽ വിവിധ കേസുകളിൽപെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന തടവുകാരിൽ നിന്നും മോചിതരാവുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന പ്രക്രിയയുടെ ഭാഗമായി ഇതേവരെ ആയിരത്തോളം പേരെ നാട്ടിലെത്തിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇത്തരത്തില്‍ ഉള്ള മൂന്നാമത് ബാച്ചിനെയും വഹിച്ചുകൊണ്ടുള്ള വിമാനം ശനിയാഴ്ച ജിദ്ദയിൽ നിന്നും ഡൽഹിയിലേക്ക് വന്നിട്ടുണ്ട്.

ഈ വിമാനത്തില്‍ ഒരു മലയാളി ഉൾപ്പെടെ 351 പേരാണ് നാട്ടിലേക്ക് തിരികെ എത്തിയത്. ലോകമാകെ കടന്ന് പോകുന്ന കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഈ മെയ് മാസം ആദ്യ ബാച്ചായി 500 പേരെ റിയാദിൽ നിന്നും ഹൈദരാബാദിലേക്ക് അയയ്ക്കുകയുണ്ടായി.പിന്നീട് റിയാദ് ഇസ്കാനിലെ തർഹീലിൽ കഴിഞ്ഞിരുന്ന 231 പേരെ ഈ മാസം 23ന് റിയാദിൽ നിന്നും ചെന്നൈയിലേക്കും എത്തിച്ചിരുന്നു. ഇക്കൂട്ടത്തില്‍ 65ഓളം പേർ മലയാളികളായിരുന്നു.

ഇനിയും ജിദ്ദ തർഹീലിൽ ബാക്കിയുള്ളവരിൽ നിരവധി മലയാളികളുണ്ട് എന്നാണ് വിവരം. ബാക്കിയുള്ള മുഴുവനാളുകളെയും ഉടനെ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇന്ത്യയുടെ വിദേശകാര്യ വകുപ്പുമായും സൗദി അധികൃതരുമായും ബന്ധപ്പെട്ടാണ് ജയിൽ മോചിതരാകുന്നവരെ കയറ്റി അയക്കുന്ന നടപടികൾ ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. പൂര്‍ണ്ണമായും സൗദി സർക്കാരാണ് ഇവരുടെ വിമാനയാത്രയുടെ ചെലവ് വഹിക്കുന്നത്.