വരും ദിവസങ്ങൾ നിർണായകം, കൈവിട്ടുപോയാൽ കേരളം വലിയ വില കൊ​ടുക്കേണ്ടിവരും – ആരോഗ്യമന്ത്രി

single-img
27 September 2020

സംസ്ഥാനത്ത് വരും ദിവസങ്ങൾ നിർണായകമാണെന്നും കൈവിട്ടുപോയാൽ കേരളം കൊ​ടുക്കേണ്ടി വരുന്നത്​ വലിയ വിലയായിരിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തിൽ മരണ നിരക്കി​​ന്റെ കാര്യത്തിൽ ഭീതിതമായ അവസ്ഥയിലല്ല. എന്നാൽ നമ്മൾ അശ്രദ്ധ കാണിച്ചാൽ തൊട്ടടുത്ത സംസ്ഥാനത്തിന്റെ അവസ്ഥയിലേക്ക്​ കേരളവും എത്തിച്ചേരുമെന്നും മന്ത്രി പറഞ്ഞു.

പല രാജ്യങ്ങളും വീണ്ടും അടച്ചുപൂട്ടൽ നടപ്പാക്കേണ്ട സാഹചര്യത്തിലാണ്. വീണ്ടും പൂർണ്ണ അടച്ചു പൂട്ടൽ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. എന്നാൽ ജനങ്ങൾ ഒരു രീതിയിലും സഹകരിച്ചില്ലെങ്കിൽ മറ്റ് വഴികൾ ഇല്ലാതെ വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലോക്​ഡൗൺ പ്രഖ്യാപിച്ച മാർച്ച്​ 24 മുതൽ മെയ്​ മൂന്ന്​ വരെ ആരോഗ്യ മേഖലയിൽ നല്ല രീതിയിൽ സൗകര്യങ്ങൾ ഒരുക്കാൻ സാധിച്ചു.

29 കോവിഡ്​ ആശുപത്രികൾ സംസ്ഥാനത്തിനുണ്ട്​. ഈ ആശുപത്രികളിൽ 9123 കിടക്കകളുണ്ട്​. ഇതിൽ 4521 കിടക്കകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഭാഗികമായുാം മറ്റും എടുത്തിട്ടുള്ള മറ്റ്​ സർക്കാർ ആശുപത്രികളിൽ 1427 കിടക്കകളുണ്ട്​. ഇതിൽ 803 കിടക്കകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

656 പേരാണ് ഇതുവരെ കേരളത്തിൽ മരണത്തിന് കീഴടങ്ങിയത്. 0 .39 ശതമാനമാണ് മരണനിരക്ക്. 20-40 ഇടയിൽ ഉള്ളവർക്കാണ് കൂടുതൽ കൊവിഡ് ബാധിച്ചതെങ്കിലും മരിച്ചവരിൽ 72% പേരും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ജനസാന്ദ്രതയും പ്രായമായവരുടെ എണ്ണം കൂടിയതും ജീവിത ശൈലി രോഗികൾ കൂടിയതും കേരളത്തിൽ വലിയ പ്രതിസന്ധിയാണ് മന്ത്രി പറഞ്ഞു.