ഇക്കണോമിക്സ് പരീക്ഷയ്ക്കു പകരം മാറിയെഴുതിയത് ബിസിനസ് സ്റ്റഡീസ്: ഫലം വന്നപ്പോൾ ഇക്കണോമിക്സ് പരീക്ഷയ്ക്ക് വിദ്യാർത്ഥിക്കു വിജയം

single-img
27 September 2020

ഇക്കണോമിക്സിനുപകരം ബിസിനസ് സ്റ്റഡീസ് പരീക്ഷയെഴുതിയ വിദ്യാർത്ഥിക്ക് ഇക്കണോമിക്സിന് വിജയം. ഹയർ സെക്കൻഡറിയിൽ ഹ്യുമാനിറ്റീസ് പഠിച്ച വിദ്യാർഥിയാണ് ഇക്കണോമിക്സിനുപകരം ബിസിനസ് സ്റ്റഡീസ് പരീക്ഷയെഴുതിയത്. പരീക്ഷാഫലം വന്നപ്പോൾ വിദ്യാർഥിയെ ഞെട്ടിച്ച് ഇക്കണോമിക്സിന് ജയവും ലഭിക്കുകയായിരുന്നു. 

ചവറ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ വിദ്യാർത്ഥിയെയാണ് അപൂർവ്വ ഭാഗ്യം തേടിയെത്തിയത്. 2020 മാർച്ചിൽ നടന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയിലാണ് ചോദ്യപേപ്പർ മാറിപ്പോയത്. ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായിരുന്ന വിദ്യാർഥി സ്കൂളിൽ പ്രത്യേകം തയ്യറാക്കിയ മുറിയിലാണ് പരീക്ഷ എഴുതിയത്. ഓപ്പണായി പഠിക്കുന്ന കൊമേഴ്‌സ് വിദ്യാർഥികൾക്ക് ബിസിനസ് സ്റ്റഡീസും ഹ്യുമാനിറ്റീസ് പഠിച്ചവർക്ക് ഇക്കണോമിക്സുമായിരുന്നു അന്ന് പരീക്ഷ നടക്കേണ്ടിയിരുന്നത്. 

എന്നാൽ വിദ്യാർഥിക്ക് ഇക്കണോമിക്സ് ചോദ്യത്തിനുപകരം നൽകിയത് ബിസിനസ് സ്റ്റഡീസ് വിഷയത്തിന്റെ ചോദ്യപേപ്പറായിരുന്നു. കിട്ടിയപാടെ ഈ ചോദ്യപേപ്പർ നോക്കി ഹ്യുമാനിറ്റീസ് വിദ്യാർഥി മൂന്ന് മണിക്കൂറും പരീക്ഷയെഴുതുകയും ചെയ്തു. ഉത്തര പേപ്പർ ഇക്കണോമിക്സ് ഉത്തരക്കടലാസുകൾക്കൊപ്പം ഡ്യുട്ടിയിലുണ്ടായിരുന്ന അധ്യാപകനും നൽകി. 

പേപ്പർ മൂല്യനിർണയം നടത്തിയ അധ്യാപകരാണ്‌ തെറ്റ് കണ്ടുപിടിച്ചത്. തുടർന്ന് വിദ്യാർഥിയുടെ പരീക്ഷാ ഫലം താത്കാലികമായി തടഞ്ഞുവെച്ചു. സംഭവം വിവാദമാവകുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ  കഷ്ടിച്ച് ജയിക്കാൻവേണ്ട 24 മാർക്ക് നൽകി ബിസിനസ് സ്റ്റഡീസിൽ പരീക്ഷയെഴുതിയ വിദ്യാർഥിയെ ഇക്കണോമിക്സിൽ ജയിപ്പിക്കുകയായിരുന്നു.