പണം അടയ്ക്കാൻ കഴിയാത്തതിനാൽ എസ്പിബിയുടെ മൃതദേഹം വിട്ടുനൽകാൻ വൈകി; വ്യാജ വാർത്ത എന്ന് മകൻ

single-img
27 September 2020

കഴിഞ്ഞ ദിവസം അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ ചികിത്സാ ചെലവുകളെ പറ്റി പ്രചരിക്കുന്ന വാർത്തയ്‍ക്കെതിരെ മകൻ എസ്പി ചരൺ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇതുപോലുള്ള വ്യാജവാർത്തകൾ തെറ്റായ സന്ദേശം നൽകുമെന്നും അതിനാൽ അവ ഒഴിവാക്കണമെന്നും എസ് പി ചരൺ ആവശ്യപ്പെട്ടു. എസ് പി ബാലസുബ്രഹ്മണ്യം ചികിത്സയിൽ കഴിഞ്ഞിരുന്ന ചെന്നൈ എംജിഎം ആശുപത്രിയിൽ മുഴുവൻ തുകയും അടയ്ക്കാൻ കഴിയാത്തതിനാൽ മൃതദേഹം വിട്ടുനൽകാൻ വൈകിയെന്നും, ഉപരാഷ്ട്രപതിയോട് അഭ്യർത്ഥിച്ചതിന് ശേഷമാണ് മൃതദേഹം വിട്ടുനൽകിയതെന്നുമായിരുന്നു ചില തമിഴ് മാധ്യമങ്ങളിലും ചില ദേശീയ മാധ്യമങ്ങളിലും വന്നിരുന്ന റിപ്പോർട്ട്.

അതേസമയം, ഔദ്യോഗികമായി അദ്ദേഹത്തിന്റെ ചികിത്സാ ചിലവ് സംബന്ധിച്ച് ഒരു വിവരവും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നിട്ടുകൂടിയും ഇത്തരം വാർത്തകൾ വന്നത് ഖേദകരമാണെന്ന് എസ് പി ചരൺ പറഞ്ഞു. മാത്രമല്ല, എസ്പിബിയുടെ തിരിച്ചുവരവിനായി എംജിഎം ആശുപത്രി പരമാവധി ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.