കാവി നിറം പൂശി ചെരിപ്പു മാല അണിയിച്ചു: തമിഴ്നാട്ടിൽ പെരിയാർ പ്രതിമയ്ക്കു നേരേ വീണ്ടും ആക്രമണം

single-img
27 September 2020

തമിഴ്നാട്ടിൽ ദ്രാവിഡ നേതാവും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായി പെരിയാര്‍ രാമസ്വാമി നായ്ക്കരുടെ പ്രതിമകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു. തിരുച്ചിയില്‍ പെരിയാര്‍ പ്രതിമയ്ക്ക് കാവി നിറം പൂശുകയും ചെരുപ്പ് മാല അണിയിക്കുകയും ചെയ്തു.  ഇനംകുലത്തൂര്‍ ഗ്രാമത്തിലെ സമത്വപുരത്തുള്ള പെരിയാര്‍ സ്മാരകത്തിന് നേരെയാണ് ആക്രമണം നടന്നത്. 

ഞായറാഴ്ച രാവിലെ നാലുമാണിയോടെയാണ് സംഭവം നടന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. വിവിധയിടങ്ങളില്‍ നിന്നുള്ള ദ്രാവിഡ കക്ഷി നേതാക്കളും പ്രവര്‍ത്തകരും സംഭവ സ്ഥലത്ത് പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. 

പൊലീസിന്റെ നേതൃത്വത്തില്‍ പ്രതിമ വൃത്തിയാക്കിയെങ്കിലും സംഭവത്തിന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായി പെരിയാര്‍ പ്രതിമകള്‍ നശിപ്പിക്കുന്ന സാഹചര്യമാണുള്ളത്. മൂന്നാഴ്ചകള്‍ക്ക് മുന്‍പ് അരിയലൂരിലെ പ്രതിമയ്ക്ക് നേരെയും സമാനമായ ആക്രമണം നടന്നിരുന്നു. അന്ന് പ്രതിമയ്ക്ക് നേരെ കരി ഓയില്‍ പ്രയോഗമാണ് നടന്നത്.