‘പഞ്ചാബി ഹൌസ്’ ജീവിതത്തില്‍ പകര്‍ത്തി; കടബാധ്യത കാരണം മരിച്ചെന്ന് വരുത്തിതീര്‍ത്ത് മുങ്ങിയ യുവാവ് പോലീസ് പിടിയില്‍

single-img
27 September 2020

ദിലീപ് നായകനായി സൂപ്പര്‍ ഹിറ്റായ സിനിമയായിരുന്നു പഞ്ചാബി ഹൌസ്. ഈസിനിമയില്‍ നായകനായ ദിലീപ് കടക്കാരില്‍ നിന്നും രക്ഷതേടി മരിച്ചു എന്ന് വരുത്തി മറ്റൊരു സ്ഥലത്ത് ജീവിക്കുന്നതായിരുന്നു കഥയുടെ ഇതിവൃത്തം.ഇപ്പോള്‍ ഇതാ, ഈ സിനിമയുടെ തനിയാവര്‍ത്തനം പോലെ കടബാധ്യത മൂലം മരിച്ചെന്ന് വരുത്തിതീര്‍ത്ത് മുങ്ങിയ യുവാവ് കൊച്ചിയില്‍ വെച്ച് പോലീസിന്റെ പിടിയിലായി.

എറണാകുളം ജില്ലയിലെ ആലുവ മുപ്പത്തടം സ്വദേശി സുധീറാണ് ആലുവയില്‍ നിന്നും മുങ്ങിയ ശേഷം കോട്ടയത്ത് നിന്ന് ഇപ്പോള്‍ പിടിയിലായത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇയാളെ പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ ശേഷം കാണാതെയാവുന്നത്. വിവരം അറിഞ്ഞ പോലീസും ഫയര്‍ഫോഴ്സും ആലുവ പെരിയാറില്‍ വലിയ തിരച്ചില്‍ നടത്തുകയും ചെയ്തു. 20 മിനിട്ട് സമയത്തോളം ആലുവ പെരിയാര്‍ മണപ്പുറത്തിന് സമീപം കടവില്‍ കണ്ട യുവാവ് കുളിക്കാന്‍ ഇറങ്ങിയ ശേഷം കാണുവാന്‍ ഇല്ലെന്നാണ് നാട്ടുകാര്‍ അറിയിച്ചിരുന്നത്.

അതോടൊപ്പം ഇയാളുടെ വസ്ത്രങ്ങള്‍ കരയില്‍ തന്നെ ഉപേക്ഷിച്ചിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പക്ഷെ തുടര്‍ച്ചയായി മൂന്ന് ദിവസങ്ങള്‍ തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം ലഭിക്കാത്ത സാഹചര്യത്തില്‍ സംഭവത്തില്‍ പോലീസിന് സംശയം തോന്നുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുകയും യുവാവ് മുങ്ങിയെന്ന് പറയുന്ന സ്ഥലത്ത് കാര്യമായ അടിയൊഴുക്കില്ലാത്തതിനാല്‍ തന്നെ ഒരാള്‍ മുങ്ങിപ്പോയാല്‍ കണ്ടെത്താന്‍ വലിയ പ്രയാസമില്ലെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തു.

അതിന് ശേഷം ആലുവ ഈസ്റ്റ് സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ഈ കേസ് വിശദമായി അന്വേഷിക്കുകയും കാണാതായി എന്നു പറയുന്നത് ആലുവ മുപ്പത്തടം സ്വദേശി സുധീറാണെന്ന് മനസിലാക്കുകയും ചെയ്തു. അന്വേഷണ സംഘം സുധീറിന്‍റെ വീട്ടിലെത്തി അയാളുടെ പഴയ ഫോട്ടോ ശേഖരിക്കുകയും പോലീസ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സുധീര്‍ കോട്ടയത്തുണ്ടെന്ന വിവരം ലഭിച്ച പോലീസ് അവിടെ എത്തിയ സുധീറിനെ ആലുവയില്‍ എത്തിക്കുകയായിരുന്നു.

ഇതിനെല്ലാം ശേഷമാണ് എന്തുകൊണ്ടാണ് ഈ യുവാവ് ഈ സാഹസമെല്ലാം ചെയ്തത് എന്ന് മനസിലാകുന്നത് . കൂടുതലായി ലോട്ടറിയെടുക്കുന്ന വ്യക്തിയായിരുന്നു ചെറുപ്പക്കാരനായിരുന്ന സുധീര്‍. ഇതിലൂടെയും അല്ലാതെയും സുധീറിന് വലിയതോതില്‍ കടബാധ്യതയാണ് നാട്ടില്‍ ഉള്ളത്.ഇപ്പോള്‍ ഏകദേശം എട്ട് ലക്ഷത്തോളം രൂപയാണ് ഇയാളുടെ കട ബാധ്യത എന്നാണ് ലഭിച്ച വിവരം.

ഈ കടങ്ങളില്‍ നിന്നും നിന്നും രക്ഷപ്പെടാനാണ് സുധീര്‍ സ്വന്തം മരണം കെട്ടിചമയ്ക്കാന്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി പെരിയാറില്‍ താന്‍ മുങ്ങി മരിച്ചതായി വരുത്തി തീര്‍ക്കാനായിരുന്നു സുധീര്‍ നടത്തിയ ശ്രമം. പെരിയാറിന്‍റെ കരയില്‍ സ്വന്തം വസ്ത്രം ഉപേക്ഷിച്ച ശേഷം ഇയാള്‍ കോട്ടയത്തേക്ക് കടക്കുകയായിരുന്നു.