കേരള പൊലീസിന്റെ സുരക്ഷ ആവശ്യമില്ല; സുരക്ഷയ്ക്കെത്തിയ പൊലീസുകാരെ കെ.സുരേന്ദ്രൻ മടക്കി അയച്ചു

single-img
27 September 2020

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ സുരക്ഷയ്ക്കെത്തിയ പൊലീസുകാരെ മടക്കി അയച്ചു. സുരക്ഷ വേണ്ടെന്ന് എഴുതി നല്‍കിയാണ് തിരിച്ചയച്ചത്. തൽക്കാലം തനിക്കു കേരള പൊലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സുരേന്ദ്രന് 2 ഗൺമാൻമാരെ അനുവദിക്കാൻ ഇന്റലിജൻസ് എഡിജിപി ടി.കെ.വിനോദ്കുമാർ കോഴിക്കോട് റൂറൽ എസ്പി ഡോ.എ. ശ്രീനിവാസിനാണ് നിർദേശം നൽകിയത്. സുരക്ഷ നൽകിയ ശേഷം ഇന്റലിജൻസ് ആസ്ഥാനത്ത് അറിയിക്കണമെന്നും നിർദേശിച്ചിരുന്നത്. കോഴിക്കോട് റൂറൽ പരിധിയിലാണു സുരേന്ദ്രന്റെ വീട്.

സ്വർണക്കടത്ത് വിഷയത്തിലടക്കം സർക്കാരിനെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തു വന്ന സുരേന്ദ്രൻ, സമരങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്.