കേവലം 45 ബോളുകള്‍; മായങ്ക് സ്വന്തമാക്കിയത് വേഗമേറിയ രണ്ടാം സെഞ്ച്വറി

single-img
27 September 2020

ഇന്ന് ഐപിഎല്ലില്‍ തന്റെ കരിയറിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയതോടെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പുതിയൊരു റെക്കോര്‍ഡും തന്റെ പേരില്‍ കുറിക്കുകയായിരുന്നു. ഐപിഎല്‍ ടൂര്‍ണമെന്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയെന്ന നേട്ടത്തിനാണ് മായങ്ക് ഇന്ന് അവകാശിയായത്.

ഇന്ന് നടന്ന മത്സരത്തില്‍ രാജസ്ഥാനെതിരേസെഞ്ചുറി സ്വന്തമാക്കാന്‍ അദ്ദേഹത്തിന് കേവലം 45 പന്തുകള്‍ മാത്രമാണ് വേണ്ടിവന്നത്. ഈ നേട്ടത്തോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ മുരളി വിജയിയുടെ റെക്കോര്‍ഡാണ് മായങ്ക് തകര്‍ത്തത്. 2010ല്‍ നടന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ തന്നെയായിരുന്നു മുരളിയുടെ റെക്കോഡ് നേടിയ തകര്‍പ്പന്‍ പ്രകടനം. അന്ന് സെഞ്ച്വറിക്കായി മുരളിക്ക് വേണ്ടിവന്നത് 46 പന്തുകളായിരുന്നു.

മായങ്ക് അഗര്‍വാള്‍ (106) തന്റെ മിന്നല്‍ സെഞ്ച്വറിയുമായി കളം വാണപ്പോള്‍ ഐപിഎല്ലിലെ ഒമ്പതാമത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബ് രണ്ടു വിക്കറ്റിന് 223 റണ്‍സ് നേടി.