ആദ്യം ശ്വാസം മുട്ടിച്ചു, പിന്നെ വെള്ളത്തിൽ മുക്കി: തിരുവല്ലത്ത് 40 ദിവസമായ കുഞ്ഞിനെ അച്ഛൻ കൊലപ്പെടുത്തിയത് സമാനതകളിലാത്ത രീതിയിൽ

single-img
27 September 2020

തിരുവനന്തപുരം തിരുവല്ലം പളളത്ത് കടവിൽ 40 ദിവസം പ്രായമുളള പെൺകുഞ്ഞിനെ അച്ഛൻ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്.  കുഞ്ഞിന്റെ മരണം വെള്ളത്തിൽ മുങ്ങിയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന്റെ മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ച ശേഷമാണ് വെള്ളത്തിൽ മുക്കിയതെന്നും വ്യക്തമായിട്ടുണ്ട്. പ്ലാസ്റ്റിക് ബാസ്കറ്റിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ കരമന ആറ്റിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. 

പനയമുട്ടം കുഴിനട പണയിൽ ചിഞ്ചുവിന്റെ മകൾ ശിവഗംഗയെയാണ് അച്ഛൻ പാച്ചല്ലൂർ പാറയിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (24)​ കൊലപ്പെടുത്തിയത്. കുഞ്ഞിൻ്റെ ശ്വാസകോശത്തിൽ വെള്ളം കയറിയിട്ടുള്ളതായി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ, തിരുവല്ലം പൊലീസ് ഇൻസ്‌പെക്ടർ വി. സജികുമാറിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. കുഞ്ഞിന് കൊവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും പരിശോധനാഫലം നെഗറ്റീവായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിന്‌ ശേഷം ചിഞ്ചുവിന്റെ അച്ഛൻ ജയകുമാർ മൃതദേഹം ഏറ്റുവാങ്ങി. 

നെടുമങ്ങാട് പനയമുട്ടത്തെ കുടുംബവീട്ടുവളപ്പിൽ സംസ്കാരം നടത്തി. പ്രതിയായ ഉണ്ണിക്കൃഷ്ണൻ ഇപ്പോൾ റിമാൻഡിലാണ്. കുഞ്ഞിനെ വെളളത്തിലെറിഞ്ഞ കരമനയാറിന്റെ ഭാഗമായ തിരുവല്ലം മഠത്തേനട പളളത്ത് കടവിൽ ജില്ലാ ക്രൈംബ്രാഞ്ച് ഫോറൻസിക് യൂണിറ്റിലെ സയന്റിഫിക് ഓഫീസർ ആർ.ആർ.രഞ്ചുവിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥർ പരിശോധന നടത്തി. മൃ

തദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് സംഘം മണ്ണും വെളളവും മറ്റ് വസ്തുക്കളും ശേഖരിച്ചു. തിരുവല്ലം എസ്.ഐ മാരായ എ.മനോഹരൻ,ടി.സജീവ് കുമാർ എന്നിവർ നേതൃത്വം നൽകി. ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ പറഞ്ഞു.