ഇന്ത്യക്കാരായ ഇവരിൽ ഒരാളെപ്പോലും കോവിഡ് വെെറസിന് തൊടാനായിട്ടില്ല: എന്താണതിനു കാരണം?

single-img
27 September 2020

ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നായ ജാര്‍ഖണ്ഡില്‍ കോവിഡ് ബാധിതരുടെ എണ്ണം 75,000 കടന്നിരിക്കുകയാണ്. ഏകദേശം 700 പേരോളം വെെറസ് ബാധമൂലം മരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ജാര്‍ഖണ്ഡിനെ സംബന്ധിച്ച് ശ്രദ്ധേയമായ ഒരു കാര്യമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരില്‍ ആദിവാസികള്‍ അഥവാ ഗോത്രവിഭാഗക്കാരില്‍ ഉള്‍പ്പെട്ടത് വെറും പത്ത് ശതമാനം മാത്രമാണെന്നുള്ളതാണ് ആ വാർത്ത. 

പ്രമുഖ ഗോത്രവര്‍ഗമായ താന ഭഗത് വിഭാഗത്തില്‍ ഒരാള്‍ക്ക് പോലും ഇതുവരെ വൈറസ് ബാധയുണ്ടായില്ലെന്നുള്ളതും ഈ വാർത്തകളുടെ അനുബന്ധമായിട്ടുള്ള കൗതുകകരമായ വസ്തുതയാണ്. 

എന്താണ് താന ഗോത്രവിഭാഗത്തിൻ്റെ പ്രത്യേകത? സാമ്പത്തിക സ്ഥിതിയില്‍ ഏറെ പിന്നാക്കാവസ്ഥയിലുള്ളവരാണ് ഗോത്രവിഭാഗക്കാര്‍ എന്നുള്ളതാണ് വാസ്തവം. താന ഭഗത് വിഭാഗത്തിലുള്ളവരും വ്യത്യസ്തരല്ല. ജാര്‍ഖണ്ഡില്‍ 3,481 കുടുംബങ്ങളിലായി 21,783 പേരാണ് ഈ ഗോത്രവിഭാഗത്തിലുള്ളതായി കണക്കാക്കിിട്ടുള്ളത്. 

മാത്രമല്ല ഗാന്ധിയന്‍ തത്വത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണ് താന ഭഗത് വിഭാഗം. ലളിതജീവിതം നയിക്കുന്ന ഇവര്‍ പാലിക്കുന്ന വൃത്തിയും വ്യക്തിശുചിത്വവുമാണ് ഇവരെ വൈറസില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ഘടകമെന്നാണ് വിദഗ്ദർ അഭി’പ്രായപ്പെടുന്നത്. 

ഇതിന് അനുബന്ധമായി ഒന്നുരണ്ടു കാര്യങ്ങൾ കൂടി വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നുണ്ട്. താന വിഭാഗത്തിലെ ഭൂരിഭാഗം പേര്‍ക്കും രണ്ടേ രണ്ട് വസ്ത്രങ്ങള്‍ മാത്രമാണ്‌ സ്വന്തമായിട്ടുള്ളത്. എല്ലാദിവസവും അലക്കി വൃത്തിയാക്കുന്ന ശീലം ഇവര്‍ക്കുണ്ട്. തീര്‍ത്തും സസ്യഭുക്കുകളായ വിഭാഗക്കാര്‍ വീടുകളില്‍ തയ്യാറാക്കുന്ന ഭക്ഷണം മാത്രമാണ് കഴിക്കുന്നത്. യാത്രകള്‍ നടത്തേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ അവർ പുറത്തു നിന്നും ആഹാരം കഴിക്കാറില്ല. പകരം കെെയില്‍ കരുതുന്ന ഭക്ഷണമാണ് കഴിക്കുന്നത്. 

താന വിഭാഗക്കാർ പൂർണ്ണമായും ആരോഗ്യമുള്ളവരാണ്. ഈ വിഭാഗത്തിലെ എണ്‍പതുകാരനായ ഗംഗ താന ഭഗത് ഇപ്പോഴും പൂര്‍ണ ആരോഗ്യവാനാണ്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബരിദി ഗ്രാമമാണ് പതിറ്റാണ്ടുകളായി താന ഭഗത്തിൻ്റെ പ്രധാന ആവാസസ്ഥലം. ഇവരുടെ ജീവിതരീതിയാണ് പ്രധാനമായും ഇവരുടെ ആരോഗ്യത്തിൻ്റെയും രോഗപ്രതിരോധ ശേഷിയുടേയും പിന്നിലെ പ്രധാന ഘടകം. 

നാഗരികതയെ അടുപ്പിക്കാത്തവരാണ് ഈ വിഭാഗം. ത്യജീവിതത്തിന് എയര്‍ കണ്ടീഷനറുകളോ റെഫ്രിജറേറ്ററുകളോ ഇവർ ഉപയോഗിക്കാറില്ല. സാധാരണസമൂഹത്തില്‍ നിന്ന് അകന്നു ജീവിക്കുന്നവരാണെങ്കിലും ശുദ്ധവൃത്തിയുടെ കാര്യത്തിൽ ഇവർക്ക് വിട്ടുവീഴ്ചയില്ല.  ഈ ജീവിതശൈലിയാവണം മഹാമാരിയില്‍ നിന്ന് ഇവരെ സംരക്ഷിക്കുന്നതെന്നാണ് വിദഗ്പദർ പറയുന്നത്. ഭക്ഷണരീതിയും പ്രകൃത്യാലുള്ള ജീവിതവും ഇവരുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു. 

ഇവരുടെ ശീലങ്ങൾക്കും ചില പ്രത്യേകതകളുണ്ട്. ഇന്ത്യയുടെ ദേശീയപതാകയെ ആരാധിക്കുന്ന പതിവ് ഇവര്‍ പുലര്‍ത്തുന്നു. എല്ലാ വ്യാഴാഴ്ചയും പതാകയ്ക്ക് ചുറ്റും നിരന്ന് ഇവര്‍ ആദരവ് പ്രകടിപ്പിക്കുന്നു. ദേശീയപതാക സ്ഥാപിച്ചിരിക്കുന്നതിന് ചുറ്റും ചാണകമുപയോഗിച്ച് ശുദ്ധീകരിക്കുമെന്ന് ഗംഗ താന ഭഗത് പറയുന്നു. ആരാധനയ്ക്ക് മുമ്പ് കൈകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യുമെന്നും സമൂഹത്തിലെ പ്രധാനിയായ ഗംഗ വ്യക്തമാക്കുന്നു. 

താന ഭഗത് ഉള്‍പ്പെടെയുള്ള ഗോത്ര വിഭാഗക്കാര്‍ പിന്തുടരുന്ന ജീവിതരീതിയേയും വൈറസിനെതിരെയുള്ള പ്രതിരോധത്തേയും കോവിഡ് പോസിറ്റീവായ ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്ത അഭിനന്ദിച്ചിരുന്നു. മാത്രമല്ല തൊഴില്‍ മന്ത്രി നന്ദ ഭോക്തയുള്‍പ്പെടെയുള്ളവര്‍ അവർക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഗോത്രവിഭാഗക്കാരുടെ രീതികള്‍ രോഗബാധയില്‍ നിന്ന് സംരക്ഷിക്കുന്ന വിധം മുഖവിലയ്‌ക്കെടുത്ത് സമൂഹത്തിലെ മറ്റുള്ളവരും ആരോഗ്യപരമായ ശീലങ്ങള്‍ പാലിക്കണമെന്നാണ് സംസ്ഥാനത്തെ വിദഗ്ദർ മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശം.