ലൂഡോയിൽ കള്ളക്കളി; പിതാവിനെതിരെ കുടുംബക്കോടതിയിൽ പരാതിയുമായി 24കാരി

single-img
27 September 2020

ഭോപ്പാൽ: കുടുംബക്കോടതിയിലെ പരാതികൾ പൊതുവേ ഗാർഹികപീഡനം, വിവാഹമോചനം എന്നിവയെക്കുറിച്ചാകാറാണ് പതിവ്. എന്നാൽ വ്യത്യസ്തമായ ഒരു പരാതിയുമായി എത്തിയിരിക്കുകയാണ് ഭോപ്പാൽ സ്വദേശിനിയായ യുവതി.

ലൂഡോ ഗെയിമിൽ പിതാവ് കള്ളക്കളി കളിച്ചെന്ന പരാതിയുമായി യുവതി കുടുംബക്കോടതിയെ സമീപിച്ചിരിക്കുകയാണ്.. ഭോപ്പാൽ കുടുംബക്കോടതിയിലാണ് 24 വയസുകാരിയായ യുവതി വിചിത്രമായ പരാതിയുമായി എത്തിയിരിക്കുന്നത്.

പിതാവ് ഗെയിം കളിക്കുന്നതിൽ നടത്തിയ വഞ്ചന തന്നെ മാനസികമായി തളർത്തിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പിതാവിനെ തനിക്ക് വലിയ വിശ്വാസമായിരുന്നു. എന്നാൽ പിതാവ് ഗെയിമിൽ തന്നെ വഞ്ചിക്കുമെന്ന് കരുതിയില്ലെന്നും യുവതി പറയുന്നു.

തന്നെ ഗെയിമിൽ പരാജയപ്പെടുത്താൻ പിതാവ് ശ്രമിച്ചുവെന്നത് തനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം നഷ്ടപ്പെടാനിടയാക്കി. തന്റെ സന്തോഷത്തിനായി പിതാവിന് ഗെയിമിൽ തോറ്റുതരാമായിരുന്നുവെന്നും യുവതി പറയുന്നു.

ഇതുവരെ നാല് കൌൺസിലിംഗ് സെഷനുകളാണ് ഈ യുവതിയ്ക്കായി നടത്തിയതെന്നും ഇപ്പോൾ അവരുടെ നിലപാടിൽ മാറ്റമുണ്ടെന്നും കുടുംബക്കോടതി കൌൺസിലർ സരിത വാർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു.