ഭാഗ്യലക്ഷ്മി പരാതി നൽകി: ശാന്തിവിള ദിനേശിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

single-img
27 September 2020

സംവിധായകനും നിർമാതാവുമായി ശാന്തിവിള ദിനേശിന് എതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുത്തു. ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. 

യൂ ട്യൂബിലൂടെ നേരത്തെ ഇയാൾ ഭാഗ്യലക്ഷ്മിക്ക് എതിരെ തുടർച്ചയായി മോശം പരാമർശങ്ങൾ നടത്തിയിരുന്നതിനെ തുടർന്നാണ് പരാതി എത്തിയത്. നേരത്തെ വിജയ് പി നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മിക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. വീട് കയറി ആക്രമിച്ച് മൊബൈൽ, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. 

ദേഹോപദ്രവമേൽപ്പിക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസിൽ ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്.

സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ വിജയ് പി നായർക്കെതിരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. ആക്ടിവിസ്റ്റ് ദിയ സന, ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധത്തിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ലൈവായി നൽകുകയും ചെയ്തു.

വിജയ് പി നായരുടെ പരാതിയിൽ കേസ് എടുത്തതിൽ യാതൊരു വിഷമവും ഇല്ലെന്ന് ഭാഗ്യലക്ഷ്മി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ചെയ്ത പ്രവൃത്തിയിൽ പൂർണ സംതൃപ്തയാണെന്നും ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടത് ചെയ്തുവെന്ന വിശ്വാസം ഇപ്പോഴുമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.