കോവിഡ് പ്രതിരോധ പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സഭയുടെ പങ്ക് എന്താണ്; വിമര്‍ശനവുമായി പ്രധാനമന്ത്രി

single-img
26 September 2020

കോവിഡ് പ്രതിരോധ പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സഭയ്ക്കെതിരെ വിമർശനവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. കാലത്തിന് അനുസരിച്ചുള്ള മാറ്റം വരുത്തിയില്ലെങ്കിൽ വെല്ലുവിളികൾ നേരിടാൻ കഴിയില്ലെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ എത്രനാള്‍ അകറ്റിനിര്‍ത്താനാകുമെന്നും മോദി ചോദിച്ചു. അതേപോലെ തന്നെ കൊവിഡിനെതിരായ പോരാട്ടില്‍ യുഎന്‍ എവിടെയാണെന്നും ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മോദി ചോദിച്ചു.

രക്ഷാ സമിതിയിൽ ഇന്ത്യ അംഗമാകുന്നതിനെ എതിർക്കുന്ന പാകിസ്ഥാനെയും ചൈനയെയും നേരിട്ട് പരാമർശിക്കാതെയായിരുന്നു മോദിയുടെ ഇന്നത്തെ പ്രസംഗം. ഇന്ത്യയിലെ നൂറ്റി മുപ്പത് കോടി ജനങ്ങളുടെ വിചാരം പ്രകടിപ്പിക്കാനാണ് താന്‍ വന്നിരിക്കുന്നത് എന്ന് പറഞ്ഞ മോദി, ഐക്യരാഷ്ട്രസഭയുടെ പഴയ ഘടന ഇന്ന് പ്രസക്തമാണോ എന്നും ചോദിച്ചു.

ഈ ഘടനയ്ക്ക് മാറ്റം വരുത്തിയില്ലെങ്കിൽ വെല്ലുവിളികൾ നേരിടാൻ കഴിയുന്നില്ല. ഇന്ത്യയെപോലെയുള്ള ഒരു രാജ്യത്തിനെ എത്രകാലം ഐക്യരാഷ്ട്രസഭയുടെ തീരുമാനമെടുക്കുന്ന പ്രക്രിയയിൽ നിന്ന് മാറ്റി നിർത്താൻ കഴിയുമെന്നും ലോകത്തെ സ്വാധീനിക്കുന്ന തീരുമാനങ്ങൾ എടുക്കുന്ന ഇന്ത്യയ്ക്ക് എത്ര കാലം കാത്തിരിക്കണമെന്നും പ്രധാനമന്ത്രി സംഭാഷണത്തിൽ ചോദിച്ചു.

കൊവിഡ് പ്രതിരോധ പോരാട്ടത്തില്‍ സഭയുടെ പങ്കിനെ കുറിച്ചും മോദി പ്രതിപാദിച്ചു. സ്വന്തം നിലയിൽ കൊവിഡ് പ്രതിരോധ മരുന്ന് ഉത്പാദനത്തിന് എല്ലാ നടപടിയും ഇന്ത്യ സ്വീകരിക്കുമെന്ന് നരേന്ദ്രമോദി സഭയെ അറിയിച്ചു. ഇതിന്റെ ഭാഗമായി മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിലും അയൽ രാജ്യങ്ങളിലും തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.