കാർഷിക ബിൽ കർഷകദ്രോഹപരം: ശിരോമണി അകാലിദൾ എൻഡിഎ മുന്നണി വിട്ടു

single-img
26 September 2020

ബിജെപി നയിക്കുന്ന എൻഡിഎ (നാഷണൽ ഡെമോക്രാറ്റിക് അലയൻസ്) മുന്നണി വിടാൻ മുന്നണിയിലെ പ്രമുഖ കക്ഷിയായ ശിരോമണി അകാലിദൾ തീരുമാനിച്ചു. കേന്ദ്രസർക്കാർ പാസാക്കിയ കാർഷികബില്ലുകൾ കർഷകദ്രോഹപരമായതിനാലാണ് മുന്നണി വിടുന്നതെന്നാണ് റിപ്പോർട്ട്.

കർഷകരുടെ വിളകൾക്ക് താങ്ങുവില ഉറപ്പ് നൽകാൻ കേന്ദ്രസർക്കാർ പാസാക്കിയ കാർഷികബില്ലിന് കഴിയില്ലെന്നാണ് ശിരോമണി അകാലിദളിന്റെ നിലപാട്. പഞ്ചാബും സിഖ് വംശജരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശരിയായ നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ല എന്നതും അകാലിദൾ മുന്നണി വിടുന്നതിന്റെ ഒരുകാരണമാണ്.

പാർട്ടിയുടെ തലവനായ സുഖ്ബീർ സിങ് ബാദലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മുന്നണി വിടാൻ തീരുമാനമുണ്ടായത്. കർഷകരോടൊപ്പം നിൽക്കണമെന്നും കാർഷികബില്ലിൽ ഒപ്പിടരുതെന്നും അകാലിദൾ രാഷ്ട്രപതി രാം നാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടിരുന്നു.

ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നാണ് ശിരോമണി അകാലിദൾ.