ഒരു വര്‍ഷത്തിനുള്ളില്‍ 80,000 കോടി രൂപ വേണം; കൊവിഡ് വാക്‌സിന്‍ രാജ്യത്ത് എത്തിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനോട് സഹായം ആവശ്യപ്പെട്ട് സെറം

single-img
26 September 2020

ലോകരാജ്യങ്ങള്‍ക്കൊപ്പം തന്നെ ഇന്ത്യയിലും കൊവിഡ് വാക്‌സിന്‍ നിര്‍മാണ ശ്രമങ്ങള്‍ പുരോഗമിക്കവെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനോട് സഹായം ആവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അദര്‍ പൂനാവല രംഗത്തെത്തി.അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന് 80,000 കോടി രൂപ തങ്ങള്‍ക്ക് നല്‍കാനാവുമോ എന്നാണ് അദര്‍ പൂനാവലയുടെ ചോദ്യം.

കൊവിഡ് പ്രതിരോധിക്കുന്ന വാക്‌സിന്‍ ഇന്ത്യയില്‍ എത്തിക്കാനും രാജ്യത്താകെ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുമായാണ് ഈ ഭീമമായ തുക ആവശ്യപ്പെട്ടിരിക്കുന്നത്. ‘ പെട്ടെന്നുള്ള ചോദ്യം, ഈ വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സര്‍ക്കാരിന് 80,000 കോടി നല്‍കാന്‍ സാധിക്കുമോ? രാജ്യത്തെ എല്ലാവര്‍ക്കുമായി വാക്‌സിന്‍ വാങ്ങാനും വിതരണം ചെയ്യാനും ഈ തുക ആവശ്യമാണ്. പ്രധാനമായും ഞങ്ങള്‍ നേരിടുന്ന അടുത്ത വെല്ലുവിളിയാണിത്,’ അദര്‍ പൂനാവല ട്വീറ്റില്‍ എഴുതി.

നിലവില്‍ ഇന്ത്യയ്ക്കായി കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായും അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്ര സെനെസയുമായി പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യയില്‍ നിന്നുള്ള സ്ഥാപനമാണ്‌ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.