ബുദ്ധിസ്റ്റ് ബന്ധം മുന്നോട്ട് നയിക്കാന്‍ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ 15 മില്യൻ ഡോളറിന്റെ സഹായം

single-img
26 September 2020

ഇന്ത്യയുടെ നയതന്ത്ര പ്രകാരം പ്രഥമ പരിഗണന അയൽപക്കത്തിന് എന്നത് അനുസരിച്ച് ശ്രീലങ്കയ്ക്ക് എപ്പോഴും മുൻഗണന നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്ഷെയുമായി നടത്തിയ വിർച്വൽ ഉഭയകക്ഷി സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്.

ദീര്‍ഘകാല വർഷങ്ങളോളം പഴക്കമുള്ളതാണ് ഇന്ത്യ – ശ്രീലങ്ക ബന്ധമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബുദ്ധിസ്റ്റ് ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ 15 മില്യൻ യുഎസ് ഡോളറിന്റെ സഹായം പ്രധാനമന്ത്രി വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഇതോടൊപ്പം തന്നെ യുപിയിലെ കുഷിനഗറിലേക്കുള്ള ഉദ്ഘാടന വിമാനത്തിൽ ശ്രീലങ്കയിൽനിന്നുള്ള ബുദ്ധ തീർഥാടകരെ പങ്കെടുപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയോടു ചേർന്ന് എംടി ന്യൂ ഡയമണ്ട് എന്ന എണ്ണ ടാങ്കറിലെ തീ അണയ്ക്കാൻ ഒരുമിച്ചു പ്രവർത്തിച്ചത് ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണാവസരം വർദ്ധിപ്പിച്ചുവെന്ന് ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രജപക്ഷെ പറയുകയുണ്ടായി. ശ്രീലങ്കയില്‍ രണ്ടാമതും അധികാരത്തിലെത്തിയ രജപക്ഷെ ഒരു വിദേശരാജ്യത്തിന്റെ നേതാവുമായി നടത്തുന്ന ആദ്യ നയതന്ത്ര കൂടിക്കാഴ്ചയായിരുന്നു മോദിയുമായി നടത്തിയത്.

ഇന്ത്യയുടെ സഹായത്തോടെ ശ്രീലങ്കയില്‍ നിർമിക്കുന്ന ജാഫ്ന കൾച്ചറൽ സെന്ററിനെക്കുറിച്ച് രജപക്ഷെ സംസാരിക്കുകയുണ്ടായി. നിലവില്‍ ഇതിന്റെ നിർമാണം പൂർത്തിയായെന്നും മോദിയെ ഉദ്ഘാടനത്തിനായി അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.