വൈന്‍ നിര്‍മാണ ശാലയിൽ ചോര്‍ച്ച; പ്രദേശത്താകെ ഒഴുകിപ്പരന്നത് പതിനായിരക്കണക്കിന് ലിറ്റര്‍ മുന്തിരി വൈന്‍

single-img
26 September 2020

റോഡിലൂടെ ഒഴുകി പരക്കുന്ന മുന്തിരി വൈന്‍. ആ രംഗം ഒന്ന് സങ്കല്‍പ്പിച്ചുനോക്കൂ. അത്തരത്തില്‍ ഒന്ന് ശരിക്കും നടന്നിരിക്കുകയാണ് സ്‌പെയിനിലെ മാഡ്രിഡില്‍. ഇവിടെയുള്ള വൈന്‍ നിര്‍മാണ ശാലയിലുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്നാണ് ഇത്തരത്തില്‍ വൈന്‍ പ്രദേശത്താകെ ഒഴുകിപ്പരന്നത്.

പത്തോ ഇരുപതോ നൂറോ അല്ല, പതിനായിരക്കണക്കിന് ലിറ്റര്‍ വൈന്‍ ആയിരുന്നു ഇവിടെ ഒഴുകിയത്. സ്പെയിന്റെ തെക്കുകിഴക്കന്‍ പ്രവിശ്യയായ മാഡ്രിഡിന് സമീപം അല്‍ബാസെറ്റിലെ വൈന്‍ നിര്‍മാണശാലയിലെ സ്റ്റോറേജ് ടാങ്കിലാണ് വന്‍ ചോര്‍ച്ചയുണ്ടായത്.

ചോര്‍ച്ച സംഭവിച്ച് നിമിഷങ്ങള്‍ക്കകം പ്രദേശമാകെ ചുവന്ന വൈന്‍ ഒഴുകിപ്പരക്കുകയായിരുന്നു. ഏകദേശം 50,000 ലിറ്ററോളം വൈന്‍ ചോര്‍ന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. സംഭവം അറിഞ്ഞ പ്രദേശവാസികള്‍ പകര്‍ത്തിയ ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.

സ്പെയിനിലെ മുന്തിരി വിളവെടുപ്പ് കാലത്താണ് വൈന്‍ നിര്‍മാണശാലയില്‍ ചോര്‍ച്ചയുണ്ടായിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. വൈന്‍ നിര്‍മ്മാണ ശാലകളില്‍ ജോലി ചെയ്യുന്നവര്‍ വന്‍തോതില്‍ മുന്തിരി വിളവെടുപ്പ് നടത്തി വൈന്‍ നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന സമയവും കൂടിയാണ് ഇത്.

ലോകത്താകെ നോക്കിയാല്‍ ഈ രീതിയിലുള്ള വൈന്‍ ചോര്‍ച്ചകള്‍ ആദ്യമായല്ല സംഭവിക്കുന്നത് എന്ന് കാണാന്‍ സാധിക്കും. ഈ വര്‍ഷം ജനുവരിയില്‍ കാലിഫോര്‍ണിയയിലെ വൈന്‍ നിര്‍മാണശാലയില്‍നിന്ന് 3,67,000 ലിറ്റര്‍ വൈന്‍ ചോര്‍ന്നിരുന്നു. സമാനമായി രണ്ടു വര്‍ഷം മുമ്പ് ഇറ്റലിയിലും വൈന്‍ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.