ഒരുമിച്ച് പോരാടിയില്ലെങ്കിൽ കോവിഡ് മൂലം 20 ലക്ഷം പേര്‍ മരിക്കും-ലോകാരോഗ്യ സംഘടന

single-img
26 September 2020
WHO experts to visit China as part of COVID-19 investigation - cnbctv18.com

കോവിഡിനെതിരേ ആഗോളതലത്തില്‍ ഒറ്റകെട്ടായി പോരാട്ടം നടത്തിയില്ലെങ്കില്‍ മരണസംഖ്യ രണ്ട് ദശലക്ഷമാകുമെന്ന് ലോകാരോഗ്യസംഘടന. ലോകത്തിലെ എല്ലാ രാജ്യങ്ങളും ജനങ്ങളും വൈറസിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പത്ത് ലക്ഷത്തോളം പേര്‍ കൂടി കോവിഡിനിരയാകുമെന്നാണ് ലോകാരോഗ്യസംഘടന നൽകുന്ന മുന്നറിയിപ്പ്.

ലോകത്തിൽ കോവിഡ് മരണസംഖ്യ പത്ത് ലക്ഷത്തിനരികിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. പത്ത് ലക്ഷമെന്നത് ഭയപ്പെടുത്തുന്ന ഒരു സംഖ്യയാണെന്നും അടുത്ത പത്ത് ലക്ഷത്തിലെത്തുന്നതിന് മുമ്പ് തന്നെ കോവിഡിനെ ഫലപ്രദമായി ചെറുക്കാനുള്ള പ്രവര്‍ത്തനം എല്ലാവരില്‍ നിന്നുമുണ്ടാകണമെന്നും ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡിസംബറില്‍ ആരംഭിച്ച മഹാമാരിയില്‍ ലോകത്താകമാനം 9,84,068 ൽ പരം പേർ ഇതുവരെ മരിച്ചതായി എഎഫ് പിയുടെ വെള്ളിയാഴ്ചത്തെ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിച്ചിരുന്നു. കണക്കനുസരിച്ച് ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 32.3 ദശലക്ഷത്തിൽ പരമാണ്.

അതേസമയം 20 ലക്ഷമെന്നത് നമുക്ക് സങ്കല്‍പിക്കാന്‍ പോലും അസാധ്യമായ സംഖ്യയാണെങ്കിലും കൂട്ടായ പ്രവര്‍ത്തനമില്ലെങ്കില്‍ അതിലേക്ക് നീങ്ങുമെന്നും വളരെ നിര്‍ഭാഗ്യകരമായ സംഗതിയാണതെന്നും മൈക്കല്‍ റയാന്‍ കൂട്ടിച്ചേര്‍ത്തു. കോവിഡിനെതിരെയുള്ള വാക്‌സിന്‍ ഉത്പാദനം, വിതരണം എന്നീ വിഷയങ്ങളില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.