‘ഞാൻ സാത്താന്റെ സന്തതിയല്ല, പിണറായിക്ക് മുൻപിലുള്ള കുരിശ്’: അനിൽ അക്കര

single-img
26 September 2020

താൻ സാത്താന്റെ സന്തതിയല്ല, പിണറായിക്ക് മുൻപിലുള്ള കുരിശാണെന്ന് അനിൽ അക്കര എംഎൽഎ. ലൈഫ് മിഷൻ ക്രമക്കേട് സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുത്തത് ചെയർമാനെന്ന നിലയിൽ മുഖ്യമന്ത്രിക്കും എം ശിവശങ്കരനും യുവി ജോസിനുമേറ്റ തിരിച്ചടിയാണെന്നും അനിൽ അക്കര മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്നാണ് സിപിഎം ഇപ്പോൾ ആരോപിക്കുന്നത്. അങ്ങനെയെങ്കില്‍ വിജിലന്‍സ് അന്വേഷണവും രാഷ്ട്രീയ പ്രേരിതമാണ് എന്നും അനില്‍ അക്കര പറഞ്ഞു. അതേസമയം, ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്ത നടപടിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചു.

കോണ്‍ഗ്രസ്‌ എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത സിബിഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണ് എന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി‌. ലൈഫ്‌മിഷനുമായി ബന്ധപ്പെട്ട്‌ സിബിഐ അന്വേഷിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്‌താവന നടപ്പിലാക്കിയ മട്ടിലാണ്‌ സിബിഐ പ്രവര്‍ത്തിച്ചതെന്നും സിപിഎം കുറ്റപ്പെടുത്തി.