ബാലഭാസ്ക്കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തന്നെ; സിബിഐ അന്വേഷണം ശരിയായ വഴിയിലെന്ന് സോബി

single-img
26 September 2020

പ്രശസ്ത സംഗീതജ്ഞന്‍ ബാലഭാസ്‍കറിന്‍റെ മരണം ആസൂത്രിതമായ കൊലപാതകം തന്നെ എന്ന് ആവർത്തിച്ച് കലാഭവൻ സോബി. സംസ്ഥാനത്തെ സ്വര്‍ണ്ണക്കടത്ത് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും സിബിഐ അന്വേഷണം ശരിയായ വഴിയിലാണ് എന്നും അദ്ദേഹം പറഞ്ഞു.

ഈ കൊലപാതകവുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ വാദങ്ങൾ അന്വേഷണ സംഘത്തെ ബോധിപ്പിക്കാൻ കഴിഞ്ഞതായും സോബി അറിയിച്ചു. ബാലഭാസ്‍കറിന്‍റെ വാഹനം അപകത്തില്‍ പെടുമ്പോള്‍ അതുവഴി പോയ സോബി ഇതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇതില്‍ പ്രധാനമായും സംശയാസ്പദമായ ചിവരെ കണ്ടുവെന്നും ബാലഭാസ്ക്കറിന്‍റെ വാഹനം തല്ലിതർക്കുന്നത് കണ്ടുവെന്നും പറഞ്ഞിരുന്നു.

ശക്തമായ രീതിയിലുള്ള ഈ ആരോപണങ്ങളെ തുടർന്നാണ് സോബിയുടെ നുണ പരിശോധന നടത്താൻ സിബിഐ തീരുമാനം എടുക്കുന്നത്. അതേസമയം ബാലഭാസ്കറിന്‍റെ മരണം കൊലപാതകമാണെന്ന കുടുംബാംഗങ്ങളുടെ ആരോപണമാണ് സിബിഐ നിലവില്‍ അന്വേഷിക്കുന്നത്. ചെന്നൈ- ഡല്‍ഹി എന്നിവിടങ്ങളിലെ ഫോറൻസിക് ലാബുകളിൽ നിന്നെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് നുണപരിശോധന നടത്തുന്നത്.