പ്രതിപക്ഷത്തിന്റെ സമരത്തിന് പണം ഒഴുക്കുന്നത് കോര്‍പ്പറേറ്റുകള്‍; ഈ കടന്നുകയറ്റം കേരളത്തില്‍ അനുവദിക്കില്ല: കോടിയേരി

single-img
26 September 2020

സംസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ സമരത്തിന് പണം ഒഴുക്കുന്നത് കോര്‍പ്പറേറ്റുകളാണെന്നും, കോര്‍പറേറ്റുകളുടെ ഈ കടന്നുകയറ്റം കേരളത്തില്‍ അനുവദിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ രാജ്യത്തെ കര്‍ഷകരെ വഞ്ചിച്ചതായും. ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപിമാര്‍ ബിജെപിയുടെ ബി ടീമായിമാറി എന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.

അതേപോലെ തന്നെ സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയായ ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഏറ്റെടുത്തതിനെതിരെയും കോടിയേരി സംസാരിച്ചു. സിബിഐ അന്വേഷണം ഏറ്റെടുത്തതിന്റെ പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്.

കേരളത്തിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എ കത്ത് നല്‍കിയപ്പോള്‍ സിബിഐ കേസെടുത്തത് അസാധാരണ നടപടിയാണെന്നും സാധാരണ നിലയില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ റഫര്‍ ചെയ്യണം, അതല്ലെങ്കില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കണം എന്നും കോടിയേരി ചൂണ്ടിക്കാട്ടി. പക്ഷെ ഇവിടെ ലൈഫ് മിഷന്‍ ക്രമക്കേടില്‍ അസാധാരണമായ നടപടിയാണ് ഉണ്ടായത്. സിബിഐയെ കാണിച്ച് സിപിഎമ്മിനെ പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും കോടിയേരി പറഞ്ഞു.