സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ ചെയ്ത ഞരമ്പ് രോഗിയെ വീട്ടിൽക്കയറിത്തല്ലി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും; വീഡിയോ വൈറൽ

single-img
26 September 2020

സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബ് ചാനൽ വഴി വീഡിയോകൾ പ്രസിദ്ധീകരിച്ച വ്യക്തിയെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സ്ത്രീകളുടെ സംഘം താമസ സ്ഥലത്ത് ചെന്ന് ഘെരാവോ ചെയ്ത് മാപ്പ് പറയിച്ചു. ഭാഗ്യലക്ഷ്മി, ദിയാ സന എന്നിവരടങ്ങുന്ന സംഘമാണ് സ്റ്റാച്യുവിലെ ഒരു ലോഡ്ജിൽ താമസിക്കുന്ന ഡോ. വിജയ് പി നായർ എന്നയാളെ മർദ്ദിക്കുകയും തലയിലൂടെ കരി ഓയിൽ ഒഴിക്കുകയും ചെയ്തത്.

“ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ഫെമിനിസ്റ്റുകൾ ജട്ടി ധരിക്കാറില്ല. എന്തുകൊണ്ട്?” എന്ന തലക്കെട്ടിൽ ഇയാൾ ചെയ്ത വീഡിയോയിലാണ് സ്ത്രീകൾക്കെതിരെ അശ്ലീലവും സ്ത്രീവിരുദ്ധതയും നിറഞ്ഞ പരാമർശങ്ങൾ ഉണ്ടായിരുന്നത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാളുടെ വീഡിയോകളിൽ അശ്ലീല പുസ്തകങ്ങളെ വെല്ലുന്ന തലക്കെട്ടുകളാണുള്ളത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഇയാളുടെ വീഡിയോയിലെ പരാമർശങ്ങൾ.

സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങൾ ചെറുക്കാൻ തക്കവണ്ണം ഇവിടുത്തെ സൈബർ നിയമങ്ങൾ പരിഷ്കരിക്കാൻ സർക്കാർ തയ്യാറാകാത്തതുകൊണ്ടാണ് സ്ത്രീകൾക്ക് ഇത്തരം പ്രതിഷേധ മാർഗങ്ങളിലേയ്ക്ക് പോകേണ്ടിവന്നതെന്ന് ഭാഗ്യലക്ഷ്മി 24 ന്യൂസ് ചാനലിന് നൽകിയ ടെലി ഇന്നിൽ പറഞ്ഞു.