ഐഎസ് തീവ്രവാദികളുമായി ബന്ധം ആരോപിച്ച് നാല് മലയാളികളെ യുഎഇ നാടുകടത്തി

single-img
25 September 2020

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിലായിരുന്ന നാലു മലയാളികളെ യുഎഇ നാടുകടത്തി. 9 മലയാളികളാണ് നിരീക്ഷണത്തിലായിരുന്നത്. ഇവരിൽ കാസർഗോഡ് സ്വദേശികളായ നാല് പേരെയാണ് യുഎഇ പോലീസ് നാട്ടിലേക്കു കയറ്റിവിട്ടത്. നാലുപേരും തൃക്കരിപ്പൂർ മേഖലയിലുള്ളവരാണ്.

തൃക്കരിപ്പൂർ സ്വദേശി മുഹ്സിൻ, പടന്ന സ്വദേശി ഇജാസ് എന്നിവരുമായി സൗഹൃദമുണ്ടായിരുന്നു എന്നാരോപിച്ചാണ് യുഎഇ പോലീസ് 9 പേരെ പിടികൂടിയത്. കാബൂളിലെ ഗുരുദ്വാറിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടതായി സംശയിക്കുന്നയാളാണ് മുഹ്സിൻ. ഇജാസ്, ജലാലാബാദ് ജയിലിൽ വെടിയുതിർത്ത് തടവുകാരെ മോചിപ്പിച്ച സംഭവത്തിൽ മുഖ്യപ്രതിയും.

പിടിയിലായവരിൽ നാല് പേരെ കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിച്ചു. ഇവർക്കെതിരെ നിലവിൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ ഇവരെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി വിശദമായ പരിശോധന നടത്തി വരുന്നതായാണ് റിപ്പോർട്ടുകൾ.