ഇത് എന്നെക്കൊണ്ടു പറ്റില്ല എന്ന് എസ് പി ബാലസുബ്രഹ്മണ്യം തീർത്തു പറഞ്ഞു: പിന്നെയെല്ലാം ചരിത്രം

single-img
25 September 2020

എസ്പി ബാലസുബ്രഹ്മണ്യം എന്നു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ശങ്കരാഭാരണം എന്ന ചിത്രമാണ്. ഏകദേശം 40 കൊല്ലം മുമ്പ് ഭാഷാഭേദമെന്യേ ജനകോടികളെ വിസ്മയഭരിതരാക്കി പ്രദർശനവിജയംനേടി ചരിത്രം സൃഷ്ടിച്ച ഈ സിനിമയിലൂടെയാണ് ഒരർത്ഥത്തിൽ എസ്പിബി ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തൻ്റെ സ്ഥാനം സ്വന്തമാക്കിയത്. എഴുപതുകളിലും എൺപതുകളിലും ഇന്ത്യൻ യുവത്വത്തെ ത്രസിപ്പിച്ചിരുന്ന പാശ്ചാത്യസംഗീതത്തിന്റെ മാദകലഹരിക്കിടയിലാണ് കാശിനാഥുനി വിശ്വനാഥ്‌ എന്ന സംവിധായകൻ ശങ്കരാഭരണവുദമായി എത്തുന്നത്. ഉന്നത വർഗ്ഗത്തിൻ്റെ കെെകളിൽ മാത്രം നിലനിന്ന ശാസ്ത്രീയസംഗീതത്തെ സാധാരണജനങ്ങളുമായി ഇത്രത്തോളം അടുപ്പിച്ച മറ്റൊരു ചിത്രം ഇന്ത്യൻ സിനിമ അതുവരഴെ കണ്ടിരുന്നില്ല. പിന്നീട് കണ്ടതുമില്ല. 

സംഗീതത്തിൽ അധിഷ്ഠിതമായ ഒരു ചിത്രം വിജയിക്കുമോ എന്ന തരത്തിലുള്ള  ആശങ്കകളെയെല്ലാം കാറ്റിൽപ്പറത്തി ഭാഷാതീതമായ വിജയം ശങ്കരാഭരണം നേടിയെടുത്തു. അറുപതുകഴിഞ്ഞ ഒരു വൃദ്ധനെ കഥാനായകനാക്കുന്ന സാഹസം ചിന്തിക്കുവാൻ കൂടി കഴിയാത്ത കാലത്താണ് ശങ്കരാഭരണം ഇന്ത്യന സിനിമയിലെ തന്നെ അത്ഭുതമായി മാറിയത്.  അതും നായകനും നായികയും പുതുമുഖങ്ങൾ. ശിവാജി ഗണേശനെക്കൊണ്ടോ എ.നാഗേശ്വരറാവുവിനെക്കൊണ്ടോ ശങ്കരശാസ്ത്രികളുടെ വേഷം ചെയ്യിക്കണമെന്നായിരുന്നു സിനിമയുടെ അണിയറക്കാർ ആദ്യം വിചാരിച്ചിരുന്നത്‌. എന്നാൽ ആവർത്തനവിരസത ഒഴിവാക്കാൻ ഒരു പുതുമുഖമായാൽ കൂടുതൽ നന്നായിരിക്കുമെന്ന്‌ ഒടുവിൽ അവർക്കു തോന്നി. 

അഭിനയം ഒരു ഹോബിയായി കൊണ്ടുനടന്നിരുന്ന വിശാഖപട്ടണം ജില്ലാ ഡെപ്യൂട്ടി കളക്ടർകൂടിയായിരുന്ന ജെ.വി. സോമയാജുലു എന്ന നടനാണ് പുതുമുഖമായി നറുക്കു വീണത്. ചിത്രത്തിലെ നാനയകൻ ശങ്കരശാസ്ത്രികളായി അദ്ദേഹം നിറഞ്ഞാടി. സംഗീതജ്ഞന്റെ പ്രൗഢഗംഭീരവേഷത്തിലൂടെ ഇന്ത്യൻ സിനിമയിലെ മികച്ച 25 അഭിനയപ്രതിഭകളുടെ പട്ടികയിലേക്ക്‌ ഈ നടൻ ഉയർന്നു എന്നുള്ളത് ചരിത്രം.  

ഇനിയാണ് യഥാർത്ഥ കൗതുകം. കർണാടകസംഗീതത്തിന്‌ പ്രാമുഖ്യമുള്ളതിനാൽ എം. ബാലമുരളീകൃഷ്ണയെക്കൊണ്ട്‌ ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും പാടിക്കണമെന്നായിരുന്നു നിർമാതാവ്‌ ഏഡിത നാഗേശ്വരറാവു ആഗ്രഹിച്ചത്. എന്നാൽ, എസ്‌ പി. ബാലസുബ്രഹ്മണ്യം എന്ന ഗായകൻ്റെ ശബ്ദം  ഈ കഥാപാത്രത്തിന്‌ ചേരുന്നതാണെന്ന അഭിപ്രായമാണ് സംവിധായകൻ പങ്കുവച്ചത്. ചിത്രത്തിൻ്റെ കഥയും പശ്ചാത്തലവും കേട്ട ഗായകൻ ബാലസുബ്രഹ്മണ്യം പക്ഷേ വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു.  ശാസ്ത്രീയസംഗീതം പഠിക്കാത്ത തന്നെ ഈ ചിത്രത്തിന്റെ പിന്നണിപാടുന്നതിൽനിന്ന്‌ ഒഴിവാക്കണമെന്നാണ്‌ അദ്ദേഹം പറഞ്ഞത്. 

എന്നാൽ സംഗീതസംവിധായകനായ കെ വി മഹാദേവനും സഹായി പുകഴേന്തിയും എസ്പിബി മതി എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. അവർ നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ എസ്‌.പി.തന്നെ ചിത്രത്തിലെ  മുഴുവൻ ഗാനങ്ങളുമാലപിച്ചു. ബാക്കിയെല്ലാം നാം നേരിട്ടു കണ്ട ചരിത്രമാണ്. ആ വർഷത്തെ മികച്ച ഗായകനുള്ള ദേശീയപുരസ്കാരംവരെ എസ് പി ബാലസുബ്രഹ്മണ്യം എന്ന ഗായകൻ ശങ്കരാസഭരണം എന്ന ചിത്രത്തിലൂടെ നേടിയെടുത്തു.

ഇതിനിടയിൽ ഒരു വസ്തുതകൂടി അറിയണം. ‘ശങ്കരാഭരണം’ മലയാളത്തിൽ ഡബ്ബ്‌ചെയ്തതിന്‌ ചെലവായത്‌ വെറും ഒരുലക്ഷം രൂപ മാത്രമായിരുന്നു. ഒരുവർഷത്തോളം തുടർച്ചയായി ഓടി ചിത്രം നേടിയെടുത്തത്‌ ഒരു കോടിയിലേറെ രൂപയും. പ്രത്യേകത എന്തെന്നാൽ, സംഭാഷണങ്ങൾമാത്രം മൊഴിമാറ്റി ഗാനങ്ങൾ തെലുങ്കുഭാഷയിൽത്തന്നെ നിലനിർത്തിക്കൊണ്ടാണ്‌ ചിത്രം കേരളത്തിൽ പ്രദർശിപ്പിച്ചതും ഉജ്ജ്വലവിജയം നേടിയതും. 

എസ്പിബി എന്ന അത്ഭുതത്തിൻ്റെ സ്ഥാനം ഇന്ത്യൻ സിനിമയിൽ ഇനിയുള്ള കാലം ഒഴിഞ്ഞുതന്നെ കിടക്കുമെന്ന് ഉറപ്പാണ്.