ലൈംഗിക തൊഴില്‍ ക്രിമിനല്‍ കുറ്റമല്ല; പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് ഏത് തൊഴില്‍ തിരഞ്ഞെടുക്കാനും സ്വാതന്ത്രമുണ്ട്: ബോംബെ ഹൈക്കോടതി

single-img
25 September 2020

നമ്മുടെ രാജ്യത്ത് പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് ഏത് തൊഴില്‍ തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. ലൈംഗിക തൊഴിലെടുത്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകളെ വെറുതെവിട്ടുകൊണ്ടായിരുന്നു കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.

രാജ്യത്ത് നിലവിലുള്ള ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആക്ട് 1956 ലൈംഗികവൃത്തി തടയുന്നതിനുള്ളതല്ലെന്ന് കോടതി നിരീക്ഷണത്തില്‍ വ്യക്തമാക്കി. ഇതോടൊപ്പം തന്നെ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്നതിനോ ഒരു വ്യക്തി ആ തൊഴിലില്‍ ഏര്‍പ്പെടുന്നതുകൊണ്ട് ശിക്ഷിക്കാനോ നിയമപ്രകാരം വ്യവസ്ഥയില്ലെന്ന് കോടതി പറഞ്ഞു.

എന്നാല്‍ ഒരു വ്യക്തിയെ അനുവാദമില്ലാതെ ചൂഷണം ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ പൊതുസ്ഥലങ്ങളില്‍ അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുന്നതാണ് ശരിയായ കുറ്റകരമെന്ന് ജസ്റ്റിസ് പൃഥ്വിരാജ് ചവാന്‍ അറിയിച്ചു.

ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ പ്രതികളായിരുന്ന മൂന്ന് യുവതികളെ കോടതി വിട്ടയച്ചു. 2019ലെ സെപ്റ്റംബറിലാണ് മൂന്ന് യുവതികളെ മുംബൈ പോലീസിന്‍റെ സാമൂഹിക സേവന വിഭാഗം മലാഡിലെ ചിഞ്ചോളി ബിന്ദര്‍ മേഖലയില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. അതിന് ശേഷം ഇവരെ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുകയും യു പിയിലെ ഹോസ്റ്റലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഈ സംഭവത്തിന്‌ ശേഷം യുവതികളില്‍ രണ്ട് പേര്‍ 2019 നവംബര്‍ 22ന് അഭിഭാഷകനായ അശോക് സാരോഗി വഴി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി കേസില്‍ വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ അപേക്ഷകര്‍ പ്രായപൂര്‍ത്തിയയായവര്‍ ആണെന്നും അതിനാല്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നത് പ്രകാരം അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് താമസിക്കാനും ഇഷ്ടമുള്ള തൊഴില്‍ സ്വീകരിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.