‘ചോദിച്ചു വാങ്ങിയ തല്ലു’കൊണ്ട് റിപബ്ലിക് ടിവി; അപഹസിച്ചതിന് മർദ്ദനമേറ്റ്‌ റിപബ്ലിക് ടിവി മാധ്യമപ്രവർത്തകർ

single-img
25 September 2020

അധിക്ഷേപത്തിന് പൊതിരെ തല്ല് കൊണ്ട് റിപബ്ലിക് ടിവി മാധ്യമപ്രവർത്തകർ. മുംബൈ മറൈന്‍ ഡ്രൈവിലുള്ള നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസിനു മുന്നിലായിരുന്നു സംഭവം. മറ്റ് ചാനൽ പ്രവർത്തകരെ അപഹസിച്ച റിപബ്ലിക് ടിവി അംഗങ്ങൾ, താക്കീത് വകവയ്ക്കാതെ അധിക്ഷേപം തുടരുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതാണ് മറ്റ് മാധ്യമ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഇവർ ഇതിനെ ചോദ്യം ചെയ്യുകയും അത് കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ഒടുവിൽ മുംബൈ പോലീസ് ഇടപെട്ടായിരുന്നു തമ്മിലടിച്ചു കൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകരെ ശാന്തരാക്കിയത്.

ഫാഷൻ ഡിസൈനർ സിമോൺ ഖമ്പട്ടയെ എൻസിബി ഓഫീസിൽ ചോദ്യം ചെയ്യാൻ എത്തിച്ച സമയത്താണ് മാധ്യമപ്രവർത്തകരുടെ തമ്മിലടി ഉണ്ടായത്. റിപ്പബ്ലിക് ടിവി ഇംഗ്ലീഷ് ചാനലിന്റെയും റിപ്പബ്ലിക്കിന്റെ ഹിന്ദി ചാനലായ റിപ്പബ്ലിക് ഭാരതിന്റെയും റിപ്പോര്‍ട്ടര്‍മാരും മറ്റ് മാധ്യമപ്രവർത്തകരും തമ്മിലായിരുന്നു കൈയാങ്കളി.

ദേശീയ മാധ്യമ പ്രവർത്തകരുടെ ‘ഗുണ്ട’കള്‍ മര്‍ദ്ദിച്ചുവെന്നാണ് ഇതേക്കുറിച്ച് റിപബ്ലിക് ടിവി മാധ്യമപ്രവർത്തകൻ പ്രദീപ് ഭണ്ഡാരി പ്രതികരിച്ചത്. അതേസമയം, ‘ചോദിച്ചു വാങ്ങിയ തല്ല്’ ആണിതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നു. കൈയ്യാങ്കളിയുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.