ഐടി വകുപ്പിലെ വിവാദകരാർ നിയമനങ്ങൾ അന്വേഷിക്കാൻ ഐടി സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതി

single-img
25 September 2020

സംസ്ഥാന ഐടി വകുപ്പിലെ കരാർ നിയമനങ്ങൾ അന്വേഷിക്കാൻ സർക്കാർ അഞ്ചംഗസമിതിയെ നിയമിച്ചു. ഐടി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്.

ഐടി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ നിയമിതരായവരുടെ പ്രവർത്തനമികവ്, പരിചയം, ഇവരുടെ കരാർ പുതുക്കുന്നതിലെ മാനദണ്ഡങ്ങൾ എന്നിവ സമിതി പരിശോധിക്കും. ഭാവിയിലെ നിയമനങ്ങൾ എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ചും, സമിതി റിപ്പോർട്ട് തയ്യാറാക്കും.

സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഐടി വകുപ്പിൽ കൺസൾട്ടൻസി കമ്പനി വഴി ഉന്നതപദവിയിൽ നിയമനം നേടിയത് വിവാദമായിരുന്നു. അമേരിക്കൻ പൌരത്വമുള്ള ലാബി ജോർജ്ജ് എന്ന വനിതയെ സ്റ്റാർട്ടപ്പ് മിഷനിൽ സീനിയർ ഫെലോ ആയി നിയമിച്ചത് ഇവാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇക്കാര്യം ഉയർത്തിക്കാട്ടിയിരുന്നു. തുടർന്ന് ഇവർ രാജി വെയ്ക്കുകയും ചെയ്തിരുന്നു.

80000 രൂപ മാസശമ്പളത്തിൽ സ്റ്റാർട്ടപ്പ് മിഷനിലെ പ്രോഡക്ട് മാർക്കറ്റിങ്ങ് വിഭാഗത്തിൽ സീനിയർ പ്രോജക്ട് ഫെലോ ആയിട്ടായിരുന്നു ലാബി ജോർജ്ജിനെ നിയമിച്ചത്. അമേരിക്കൻ പൌരത്വമുള്ള ഇന്ത്യാക്കാർക്ക് നൽകുന്ന ഒസിഐ (ഓവർസീസ് ഇന്ത്യൻ സിറ്റിസൺ) കാർഡ് ഇവർക്കുണ്ടെന്നായിരുന്നു സ്റ്റാർട്ടപ്പ് മിഷൻ അറിയിച്ചത്. കോവിഡ് രോഗികളുടേതടക്കമുള്ള പ്രധാനപ്പെട്ട വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ടീമിൽ ഇവർ ചുമതല വഹിച്ചിരുന്നതായി ഇവാർത്തയ്ക്ക് വിവരം ലഭിച്ചിരുന്നു. 

മുഖ്യമന്ത്രിയുടെ ഐടി ഫെലോ അരുൺ ബാലചന്ദ്രൻ അടക്കമുള്ളവർ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. അമേരിക്കൻ വനിതയുടേതടക്കമുള്ള കരാർ നിയമനങ്ങൾ അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ആവശ്യമുയർന്നിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി തന്നെ അന്വേഷണത്തിനുത്തരവിട്ടതെന്നാണ് ഇവാർത്തയ്ക്ക് ലഭിക്കുന്ന വിവരം.

ഐടി സെക്രട്ടറിയെക്കൂടാതെ ഐടി വകുപ്പിലെ ഒരു അഡീഷണൽ ജോയിന്റ് സെക്രട്ടറിയും ഇ ഗവേർണൻസ് മിഷന് കീഴിലുള്ള ഉദ്യോഗസ്ഥരും പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ റീഫോംസ് വകുപ്പിന്റെ ഒരു പ്രതിനിധിയും സമിതിയിലുണ്ടാകും. എന്നാൽ ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥരെ സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.