കേരളം ഇനി തെരഞ്ഞെടുപ്പ് ചൂടിൽ: ഉപതെരഞ്ഞെടുപ്പ് തീയതികൾ ഇന്നു പ്രഖ്യാപിച്ചേക്കും

single-img
25 September 2020

കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് തീയതികൾ ഇന്നു പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകൾ. ഉച്ചയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള  തീയതികള്‍ പ്രഖ്യാപിക്കും. കേരളത്തിലെ ചവറ,കുട്ടനാട് ഉപതെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് സൂചനകൾ പുറത്തു വരുന്നത്. 

ബിഹാര്‍ തെരഞ്ഞെടുപ്പിന് ഒപ്പം കേരളത്തിലെ ചവറ,കുട്ടനാട് ഉപതെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന് ഉണ്ടാകും. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമില്ല എന്ന നിലപാടാണ് കേരളത്തില്‍ പാര്‍ട്ടികള്‍ സ്വീകരിച്ചത്. ഇതിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് തീയതി നീട്ടാനുള്ള സാധ്യതയുമുണ്ട്.  കമ്മീഷന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനാണ് സാധ്യത. ആറ് മാസം വരെ അഡ്മിനിസ്ട്രേറ്റീവ് ഭരണമാകാമെന്നാണ് ചട്ടം. തെരഞ്ഞെടുപ്പ് നീട്ടാനുള്ള സർക്കാരിന്റെ ശുപാർശ ലഭിച്ചാൽ നിയമവശം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ താല്‍ക്കാലികമായി അല്‍പം മാറ്റിവെക്കാനും എന്നാല്‍ അനന്തമായി നീളാതെ എത്രയും വേഗം നടത്താനും സംസ്ഥാന തെരഞ്ഞെടുപ്പു കമീഷനോട് അഭ്യര്‍ത്ഥിക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ധാരണയായിരുന്നു.