കസ്റ്റംസ് സ്വർണ്ണം പിടിച്ച ശേഷം സ്വപ്ന സുരേഷ് ശിവശങ്കറെ വിളിച്ചു

single-img
25 September 2020

നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയെന്ന കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ. എട്ടരമണിക്കൂർ ചോദ്യംചെയ്ത് വിട്ടയച്ചു. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും എൻ.ഐ.എ. അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയേക്കുമെന്നാണ് സൂചന. സ്വർണം പിടിച്ചശേഷം സ്വപ്നാ സുരേഷ് തന്നെ ഒന്നിലേറെത്തവണ വിളിച്ചെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 

കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കു കടക്കുന്നതിനു മുമ്പായിരുന്നു ഇത്. എന്നാൽ, സ്വപ്നയുടെ സഹായാഭ്യർഥനകൾക്ക്‌ അനുകൂലമായി ഒന്നും ചെയ്തുകൊടുത്തിട്ടില്ലെന്ന് ശിവശങ്കർ പറഞ്ഞു.സ്വപ്നാ സുരേഷിനെയും ഒപ്പമിരുത്തിയായിരുന്നു ശിവശങ്കറെ ചോദ്യംചെയ്തത്. മൂന്നാംതവണയാണ് എൻ.ഐ.എ. ശിവശങ്കറിനെ ചോദ്യം ചെയ്തത്. 

വ്യാഴാഴ്ച രാവിലെ 11.30-ന് തുടങ്ങിയ ചോദ്യംചെയ്യൽ രാത്രി എട്ടുമണിക്കാണ് അവസാനിച്ചത്. ശിവശങ്കറിന്റെ ഉത്തരങ്ങൾ പരിശോധിച്ചാകും എൻ.ഐ.എ. അടുത്ത നടപടികളിലേക്ക് കടക്കുക. സ്വപ്നയിൽനിന്നും സന്ദീപിൽനിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലെയും ലാപ്‌ടോപ്പിലെയും വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഡിജിറ്റൽ ഉപകരണങ്ങൾ സി-ഡാക്കിൽ പരിശോധനയ്ക്ക്‌ അയച്ചിരുന്ന എൻഐഎയ്ക്കു അതിൻ്റെ ഫലം കിട്ടിയിട്ടുണ്ട്.