ഏത് വിശ്വസിക്കണം?: തുലാവര്‍ഷം ശക്‌തമാകാന്‍ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌, കുറയാന്‍ സാധ്യതയെന്ന് സ്വകാര്യ രാജ്യാന്തര ഏജന്‍സി

single-img
25 September 2020

കേരളത്തില്‍ ഇത്തവണ തുലാവര്‍ഷം ശക്‌തമാകാന്‍ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പിൻ്റെ പ്രവചനം. ഓഗസ്‌റ്റ് മാസത്തിലെ അന്തരീക്ഷത്തിൻ്റെ അവസ്‌ഥ വിലയിരുത്തിയാണ്‌ നിഗമനം നടത്തിയിട്ടുള്ളത്. വടക്കന്‍ കേരളത്തിലായിരിക്കും സാധാരണയേക്കാള്‍ കൂടുതല്‍ തുലാവര്‍ഷം ലഭിക്കുകയെന്നും പ്രവചനമുണ്ട്. 

ഒക്‌ടോബറില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ സാധാരണയേക്കാള്‍ കുറവ്‌ മഴ പ്രവചിക്കുമ്പോള്‍ മധ്യ, വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്നാണ് വിദഗ്‌ധര്‍ വിലയിരുത്തുന്നത്. നവംബറില്‍ കേരളത്തിലാകമാനം സാധാരണയേക്കാള്‍ കൂടുതല്‍ മഴ പെയ്യും. എന്നാല്‍ ഡിസംബറില്‍ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ മഴ കുറവായിരിക്കുമെന്നും പറയുന്നു. 

അതേസമയം തുലാവര്‍ഷം സാധാരണയില്‍ കുറയാന്‍ സാധ്യതയുണ്ടെന്നാണ്‌ ജപ്പാന്‍ കാലാവസ്‌ഥ ഏജന്‍സിയായ ജമ്‌സ്‌റ്റക്ക്‌, സ്വകാര്യ രാജ്യാന്തര കാലാവസ്‌ഥാ ഏജന്‍സിയായ അക്കു വെതര്‍ എന്നിവ പ്രവചിച്ചത്‌. ഇത്തരം ദീര്‍ഘകാല മോഡല്‍ പ്രവചങ്ങള്‍ക്കു കൃത്യത കുറവാണെന്നും വിദഗ്‌ധര്‍ പറയുന്നു.

നേരത്തെ അമേരിക്കന്‍ കാലാവസ്‌ഥ ഏജന്‍സി സി.പി.സി, കൊറിയര്‍ കാലാവസ്‌ഥ ഏജന്‍സി എ.പി.സി.സി എന്നിവയുടെ പ്രവചനപ്രകാരം മഴയുടെ അളവ്‌ കേരളത്തില്‍ സാധാരണയോ അതില്‍ കുറയാനോ സാധ്യത ഉണ്ടെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്. യൂറോപ്യന്‍ കാലാവസ്‌ഥ ഏജന്‍സിയായ ഇ.സി.എം.ഡബ്‌ളിയു.എഫ്‌, ബ്രിട്ടന്റെ കാലാവസ്‌ഥ ഏജന്‍സിയായ യു.കെ മെറ്റ്‌ ഓഫീസ്‌ എന്നിവ കേരളത്തില്‍ സാധാരണയില്‍ക്കൂടുതല്‍ കാലവര്‍ഷം ഉണ്ടാകുമെന്നും പ്രവചിക്കുന്നുണ്ട്.