ശിവശങ്കർ മുന്നാമതും എന്‍ഐഎയ്ക്കു മുന്നിൽ, കൂടെ സ്വപ്നയും

single-img
24 September 2020

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഇത് മൂന്നാം തവണയാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. 

അതേസമയം സ്വര്‍ണക്കടത്ത് കേസിന്റെ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്‌ന സുരേഷിനെ കോടതി എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. സ്വപ്നയെ ഒപ്പം ഇരുത്തി ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് എന്‍ഐഎ ഉദ്ദേശിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. 

കഴിഞ്ഞ ദിവസമാണ് സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുളള പ്രതികളെ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ വിട്ടത്. കസ്റ്റഡിയില്‍ വാങ്ങി ഒരു ദിവസം ആകുമ്പോഴാണ് സ്വപ്‌ന സുരേഷിനെ ഒപ്പം ഇരുത്തി ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ നടപടി സ്വീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്‌ കേസില്‍ നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞാഴ്ച സ്വപ്‌ന സുരേഷിന്റെയും സന്ദീപിന്റെയും ഡിജിറ്റല്‍ രേഖകള്‍ എന്‍ഐഎ സംഘം പരിശോധിച്ചിരുന്നു. 2000 ജിബി വരുന്ന ഡിജിറ്റല്‍ രേഖകളാണ് പരിശോധിച്ചത്. ലാപ്പ് ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ രേഖകളാണ് എന്‍ഐഎ പരിശോധിച്ചത്. ഇതിന്റെ തുടര്‍ച്ചയായുളള അന്വേഷണത്തിന്റെ ഭാഗമായാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.