തിരുവനന്തപുരം ജില്ലക്കാരൻ അല്ലാത്ത ഒരാൾ വ്യാജപേരിൽ വന്ന് രോഗപരിശോധന നടത്തി, അഭിജിത്തിൻ്റേത് മനഃപൂർവ്വം രോഗം പടർത്താനുള്ള ശ്രമമെന്ന് പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻ്റ്

single-img
24 September 2020

കോവിഡ് സ്ഥിരീകരിച്ച കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം അഭിജിത്തിനെതിരെ ആരോപണം കടുപ്പിച്ച് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ വീണ്ടും രംഗത്ത്. അഭിജിത്തിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും രോഗം പടർത്താനുള്ള ശ്രമമായിരുന്നു ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നതെന്നും അദ്ദ്േഹം പറഞ്ഞു. കൊവിഡ് പരിശോധനക്കായി വ്യാജ പേരും മേൽവിലാസവും നൽകിയതിനെതിരേ പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻ്റ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. 

പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പളളി വാർഡിൽ വന്ന് തിരുവനന്തപുരം ജില്ലക്കാരൻ പോലും അല്ലാത്ത ഒരാൾ വ്യാജ പേരിൽ കൊവിഡ് ടെസ്റ്റ് നടത്തിയതിൻ്റെ ആവശ്യം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മനഃപൂര്‍വം രോഗവ്യാപനം നടത്തുന്നതിലെ  രാഷ്ട്രീയലക്ഷ്യം എത്ര അധമവും നീചവുമാണെന്നും അദ്ദേഹം പറഞ്ഞു. 

കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ മേൽവിലാസവും കെ.എം അഭി എന്ന പേരുമാണ് അഭിജിത്ത് പരിശോധനയ്‌ക്ക് ശേഷം നൽകിയിരുന്നത്. ഇക്കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.