അടിസ്ഥാന വികസനം നിലംപൊത്തി; സ്‌പെഷ്യൽ ആംഡ് പോലീസ് ക്യാമ്പ് അംഗങ്ങളുടെ ജീവന് ഭീഷണി

single-img
24 September 2020

തിരുവനന്തപുരത്തെ പേരൂർക്കട സ്‌പെഷ്യൽ ആംഡ് പോലീസ് ക്യാമ്പിൽ അടിസ്ഥാന സൗകര്യ വികസനമല്ലാത്തതിന് കാരണം വകുപ്പിലെ മെല്ലെപ്പോക്ക്. അര കോടിയോളം രൂപയുടെ ബറ്റാലിയൻ ഫണ്ട് തുക തിരികെ ലഭിക്കാത്തതിനാൽ, അടിസ്ഥാന വികസനമില്ലാതെ കിടക്കുകയാണ് എസ്എപി ക്യാമ്പ്. സ്വന്തം ജീവന് സുരക്ഷയില്ലാത്ത അവസ്ഥയിൽ സേവനസന്നദ്ധരായ റിക്രൂട്ട് പോലീസുകാരുടെ പരാതി അധികൃതർ പരിഗണിക്കുന്നില്ല. കോവിഡ് മഹാമാരിക്കാലത്ത് ക്യാമ്പ് പരിസരം വൃത്തിഹീനം എന്ന് മാത്രമല്ല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതായി പരാതിയുണ്ട്. കാലപ്പഴക്കം മൂലം ഇവിടെയുള്ള കെട്ടിടങ്ങൾ ക്യാമ്പ് അംഗങ്ങളുടെ ജീവന് ഭീഷണിയാണ്.

റിക്രൂട്ട് പോലീസുകാർക്ക് താമസിക്കാൻ പഴകിദ്രവിച്ച കെട്ടിടം മാത്രമേയുള്ളൂ. മേൽക്കൂരകൾ പൊട്ടിയ നിലയിലാണ്. ബാരക്കുകളിലെ ഈർപ്പവും പൂപ്പലും പോലീസുകാരുടെ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. 250 റിക്രൂട്ട് പോലീസുകാർ കിടന്നുറങ്ങുന്നത് പൊട്ടിപ്പൊളിഞ്ഞ ഈ ബാരക്കുകളിലാണ്. ഇ- ഫൈലിംഗ് സംവിധാനം നടപ്പിലാക്കിയ സർക്കാറിന്റെ ബാറ്റലിയനിൽ ഇതുവരെ ഇന്റർനെറ്റ് സൗകര്യവും പൂർത്തീകരിച്ചിട്ടില്ല. അതിനാൽ അഡ്മിനിസ്‌ട്രേഷൻ സൗകര്യം മെച്ചപ്പെടുത്താനുമായിട്ടില്ല.

പോലീസുകാർക്ക് വേണ്ടത്ര ടോയ്‌ലെറ്റ്, ശുചിമുറി സംവിധാനവുമില്ല. പഴകിയ കെട്ടിടത്തിലാണ് റേഷൻ ഡിപ്പോ പ്രവർത്തിക്കുന്നത്. പോലീസ് സേനയെ നവീകരിക്കുന്ന പദ്ധതികൾ തുടരുമ്പോഴും ബറ്റാലിയൻ ഫണ്ട് തുക സമയത്ത് തിരികെ ലഭിക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. ബറ്റാലിയന്റെ നവീകരണത്തിന് ചെലവഴിയ്ക്കേണ്ട തുക (ബറ്റാലിയൻ ഫണ്ട് തുക) കൂടുതലും ചെലവഴിച്ചത് പെട്ടെന്ന് നടത്തേണ്ട മറ്റു ആവശ്യങ്ങൾക്കാണ്. ഈ ബറ്റാലിയൻ ഫണ്ട് തുക ഇതുവരെ തിരികെ ലഭിച്ചിട്ടില്ല.

അര കോടിയോളം രൂപയുടെ ബറ്റാലിയൻ ഫണ്ട് തുകയാണ് തിരികെ ലഭിക്കാനുള്ളത്. ഇക്കാര്യം എസ്എപി കമാൻഡൻറ് പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് മേധാവിയെ രേഖാമൂലം അറിയിച്ചുവെങ്കിലും തുടർ നടപടി ഉണ്ടായില്ല. അതിനാൽ തിരുവിതാംകൂർ പോലീസിനെ സ്‌പെഷ്യൽ ആംഡ് പോലീസ് ആക്കി മാറ്റിയ ശേഷം 63 വർഷങ്ങൾ പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യ വികസനം തലസ്ഥാനത്തെ പ്രധാനപ്പെട്ട പോലീസ് ക്യാമ്പിന് അന്യമായിരിക്കുകയാണ്.

എസ്എപി പോലീസ് ഗ്രൗണ്ടിന് ചുറ്റുമതിൽ പണിയാനും കവാടം പുതുക്കാനും പത്തുലക്ഷം രൂപ സമീപ കാലത്ത് അനുവദിച്ചിരുന്നു. തുടർന്ന് ഗ്രൗണ്ടിന് ചുറ്റും ആഴത്തിൽ വലിയ കുഴികൾ കുഴിച്ചു. അതിന്റെ ഭാഗമായി ചുറ്റുമുണ്ടായിരുന്ന മരങ്ങൾ എല്ലാം നിലംപൊത്തിക്കഴിഞ്ഞു. ഗ്രൗണ്ട് നവീകരിയ്ക്കണം എന്ന ആവശ്യം ഉയർന്നിട്ട് നാളുകൾ ഏറയായി. എന്നാൽ ബറ്റാലിയൻ ഫണ്ട് തുക തിരികെ ലഭിക്കാത്തതിനാൽ തൃണവൽഗണിച്ചിരിക്കുകയാണ്.