‘പാവങ്ങളെ കുരുക്കിലാക്കിയയാൾ മഹത്തായ സ്ഥാപനത്തില്‍’; കേരള കൗമുദി ജീവനക്കാരൻ വിശ്വാസവഞ്ചന കാണിച്ചുവെന്ന പരാതിയുമായി മാധ്യമപ്രവർത്തക

single-img
24 September 2020

കേരള കൗമുദിയിൽ ജീവനക്കാരനായ വി ബാബു ഉണ്ണിത്താന്‍ വിശ്വാസ വഞ്ചന കാണിച്ചുവെന്ന ആരോപണവുമായി മാധ്യമപ്രവർത്തക. മുൻപ് പ്രവർത്തിച്ചിരുന്ന മാധ്യമ സ്ഥാപനത്തിൽ ഇദ്ദേഹം എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയില്‍ നിന്ന് നാല് വായ്പകളെടുത്തിരുന്നു. ഇതിൽ ഏഴ് ലക്ഷം രൂപ വായ്പയെടുത്തത്തിന് ജാമ്യം നിന്ന മാധ്യമപ്രവർത്തകയെ കബളിപ്പിക്കുന്നതായാണ് ആരോപണം. ഇത് സംബന്ധിച്ച് ഇവർ കേരള കൗമുദി മാനേജ്മെന്റിനും കെയുഡബ്ള്യുജെയ്ക്കും പരാതി നൽകി.

വളരെ കുറച്ച് അടവുകള്‍ മാത്രം അടച്ച് ആറരലക്ഷത്തോളം രൂപയുടെ ബാധ്യത നിലനില്‍ക്കെ, വി ബാബു ഉണ്ണിത്താന്‍ മുൻ സ്ഥാപനത്തിൽ നിന്ന് രാജിവെച്ചിരുന്നു. തുടർന്നാണ് കേരള കൗമുദിയിൽ പ്രവർത്തിച്ചു വരുന്നത്. എന്നാൽ അടവ് മുടക്കിയതിന് ജാമ്യം നിന്ന പേരിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ സമ്മർദ്ദം ഏറി. അതോടെ, വായ്‌പ്പാ അടവുകളുടെ കുടിശ്ശിക സംബന്ധിച്ച കാര്യം ഉണ്ണിത്താനെ ധരിപ്പിച്ചുവെന്നും എന്നാൽ അദ്ദേഹം കൈയൊഴിയുകയായിരുന്നു എന്നുമാണ് പരാതി.

ഓൺലൈൻ മാധ്യമത്തിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തക, ഈ അനീതിക്കെതിരെ കേരള കൗമുദി മാനേജിങ് എഡിറ്റര്‍ ദീപു രവി, കെയുഡബ്ല്യൂജെ സെക്രട്ടറി എന്നിവർക്കാണ് പരാതി നൽകിയത്. ‘കേരള കൗമുദിയിലാണല്ലോ ഉണ്ണിത്താന്‍ ജോലി ചെയ്യുന്നത്. മറ്റൊരു വഴിയുമില്ലാത്തതു കൊണ്ടാണ് ഇത്തരമൊരു എഴുത്തെഴുതേണ്ടി വന്നത്. വിഷയത്തിലിടപെടണം’ എന്ന് കേരള കൗമുദി മാനേജിങ് എഡിറ്ററോട് പരാതിക്കാരി രേഖാമൂലം ആവശ്യപ്പെട്ടു. ‘താങ്കളുടെ സ്ഥാപനത്തില്‍ നിലവില്‍ ജോലിചെയ്യുന്ന ഒരാള്‍ എന്നോടു ചെയ്ത അനീതി മൂലം സ്വന്തം പേരില്‍ ഭൂമി പോലുമില്ലാത്ത ഞാൻ മനസ്സമാധാനം നഷ്ടപ്പെട്ട് കഴിയാന്‍ തുടങ്ങിയിട്ട് നാളുകളായി എന്ന് പരാതിക്കാരി ദീപു രവിയ്ക്ക് അയച്ച കത്തിൽ പറയുന്നു.

അടവും പലിശയും വക്കീല്‍ ചെലവുമായി 6,70,467 രൂപ ഏഴ് ദിവസത്തിനകം അടക്കണമെന്ന് പറഞ്ഞ് സൊസൈറ്റി അയച്ച നോട്ടീസാണ് പരാതിക്കാരിക്ക് കഴിഞ്ഞ ദിവസം ലഭിച്ചത്. ‘ശാസ്താംകോട്ടയില്‍ സ്വന്തം പേരിലായി ഒന്നില്‍ക്കൂടുതല്‍ ഭൂമിയും 3000 ചതുരശ്ര അടിയിലധികം വലുപ്പവുമുള്ള വീടും സ്വന്തമായുള്ള വ്യക്തിയാണിദ്ദേഹം. പോരാത്തതിന് നിലവില്‍ കേരളകൗമുദയില്‍ തരക്കേടില്ലാത്ത ജോലിയുമുണ്ട്. എന്നിട്ടും ഒരു ധാര്‍മ്മികതയുമില്ലാതെ എന്നെപ്പോലുള്ളവരെ കുരുക്കിലാക്കി മനസ്സാക്ഷിക്കുത്തേതുമില്ലാതെ കേരള കൗമുദി പോലുള്ള മഹത്തായ സ്ഥാപനത്തില്‍ വി ബാബു ഉണ്ണിത്താന്‍ ജോലി ചെയ്യുകയാണ്. അയാളുടെ ആര്‍ഭാട ജീവിതത്തിനായി എടുത്ത ലോണിന്റെ ബാധ്യതയാണ് തന്റെ തലയില്‍ അടിച്ചേല്‍പിക്കപ്പെട്ടിരിക്കുന്നത്.’- പരാതിക്കാരി വ്യക്തമാക്കി.