യെദിയൂരപ്പയുടെ മകന്‍ കൈക്കൂലി ആവശ്യപ്പെടുന്ന വാർത്തകൾ പുറത്ത്; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം

single-img
23 September 2020

ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ മകന്‍ കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെടുന്ന മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം രംഗത്ത്. ബെംഗളൂരു വികസന അതോറിറ്റിയുടെ കീഴില്‍ നഗരത്തില്‍ നടക്കുന്ന ഫ്‌ലാറ്റ് നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് യെദിയൂരപ്പയുടെ മകന്‍ ബി വൈ വിജേയന്ദ്രയും മരുമകനും കൊച്ചുമകനും കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് സ്റ്റിംഗ് ഓപ്പറേഷനിലൂടെ ഒരു ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടത്.

പുറത്തുവന്ന വാട്‌സ് ആപ് ചാറ്റുകള്‍ കൈക്കൂലിക്ക് തെളിവാണെന്നും കരാറുകാരനില്‍ നിന്ന് കൈക്കൂലി പണമായും ബാങ്ക് അക്കൗണ്ട് വഴിയും ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു. വികസന അതോറിറ്റിയുടെ 666 കോടിയുടെ പദ്ധതിയിലാണ് യെദിയൂരപ്പയും കുടുംബവും അഴിമതി നടത്തിയത് എന്നാണ് വാര്‍ത്തകള്‍ .

സുപ്രീം കോടതിയില്‍ നിന്നുള്ള ജഡ്ജിയും ഹൈക്കോടതി ജഡ്ജിയും അടങ്ങുന്ന ഒരു കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്താന്‍ യെദിയൂരപ്പ സ്ഥാനം രാജി വെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കരാറില്‍ നിന്നും അധികമായി 17 കോടിയാണ് യെദിയൂരപ്പയുടെ മകന്‍ കരാറുകാരനോട് ആവശ്യപ്പെട്ടത്.

പുറത്തുവന്ന വിവര പ്രകാരം ശശിദര്‍ മരഡി എന്നയാളുടെ അക്കൗണ്ടിലേക്ക് 7.4 കോടി ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പണം മരുമകന്റെ ഹുബ്ലിയിലെ മദുര എസ്റ്റേറ്റിലേക്ക് നല്‍കാനും പറയുന്നുണ്ട്. ഒന്നിലധികംഎസ്റ്റേറ്റുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കടലാസ് കമ്പനികളിലൂടെയാണ് കള്ളപ്പണം വെളുപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ആരോപിക്കുന്നു.

എന്നാല്‍കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ബിജെപി തള്ളി കളഞ്ഞു. മുഖ്യമന്ത്രിയുടെമകന്‍ എന്ന പേരില്‍ ബിവൈ വിജയേന്ദ്രയെ കോണ്‍ഗ്രസ് ലക്ഷ്യമാക്കുന്നു എന്നും ബിജെപിയെയും മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ മകനെയും കരിവാരിത്തേക്കുകയാണ് കോണ്‍ഗ്രസെന്നും എംഎല്‍സി രവികുമാര്‍ ആരോപിച്ചു.