കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി കൊവിഡ് ബാധിച്ച് മരിച്ചു

single-img
23 September 2020

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി (65) മരിച്ചു. ഡല്‍ഹിയിലെ എയിംസില്‍ ആയിരുന്നു ഇദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇത്തവണ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി സെപ്റ്റംബര്‍ 11ന് നടത്തിയ ടെസ്റ്റിലായിരുന്നു അംഗഡി കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

രാജ്യത്ത് മന്ത്രിയായിരിക്കെ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ കേന്ദ്ര മന്ത്രിയാണ് സുരേഷ് അംഗഡി. കഴിഞ്ഞ ആഴ്ചയിലായിരുന്നു അംഗഡിയെ രോഗാവസ്ഥ കൂടിയതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് ടെസ്റ്റ് നടത്തി, ഫലം പൊസിറ്റീവാണെന്നറിഞ്ഞ സമയത്ത് അംഗഡിയ്ക്ക് രോഗ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അതിന് ശേഷവും താന്‍ സുഖമായിരിക്കുന്നു എന്നായിരുന്നു കേന്ദ്ര മന്ത്രി പ്രതികരിച്ചത്.കര്‍ണാടകത്തിലെ ബെല്‍ഗാവിയില്‍ നിന്നുള്ള ബിജെപി ലോക്‌സഭാംഗമായ അംഗഡിക്ക് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമാണ് ഉള്ളത്.