ഇന്ന് ഐപിഎല്‍ സാക്ഷിയായത് രോഹിത് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്സിന്

single-img
23 September 2020

ഇന്നത്തെ ഐപിഎല്ലിലെ അഞ്ചാം മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ മുന്‍ വിജയികളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് വേണ്ടത് 196 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങിന് അയക്കപ്പെട്ട മുംബൈ അഞ്ചു വിക്കറ്റിന് 195 റണ്‍സ് നേടുകയായിരുന്നു. നായകനായ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു മുംബൈയ്ക്ക് കരുത്തേകിയത്.

മത്സരത്തില്‍ 54 പന്തില്‍ മൂന്നു ബൗണ്ടറികളും ആറു സിക്‌സറുമടക്കം ഹിറ്റ്മാന്‍ രോഹിത് 80 റണ്‍സ് വാരിക്കൂട്ടി.
ഇതിനിടെ ചില നാഴികക്കല്ലുകളും അദ്ദേഹം പിന്നിടുകയും ചെയ്തു. പതിയെ ആയിരുന്നു മുംബൈയുടെ തുടക്കം. മത്സരത്തില്‍ രോഹിത്തിനു കൂട്ടായി സൂര്യകുമാര്‍ യാദവ് വന്നതോടെയാണ് മുംബൈയുടെ ഇന്നിങ്‌സിന് ജീവന്‍ കൈവന്നത്. മലയാളിയായ സന്ദീപിന്റെ നാലാം ഓവറില്‍ യാദവ് നാലു ബൗണ്ടറികള്‍ നേടി. ഇതോടെ മെല്ലെ രോഹിത്തും ട്രാക്കിലേക്ക് കയറി. അതിന് ശേഷം ഇരുവരും ചേര്‍ന്ന് അതിവേഗം മുംബൈയെ മുന്നോട്ടു നയിച്ചു.

ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വില പിടിപ്പുള്ള താരവും ഓസ്ട്രേലിയയുടെ പേസറുമായ പാറ്റ് കമ്മിന്‍സിനെ സിക്‌സറിന്പായിച്ചാണ് രോഹിത് വരവേറ്റത്.അതെ ഓവറിലെ അഞ്ചാമത്തെ പന്തും ഹിറ്റ്മാനം നിലംതൊടീക്കാതെ മൈതാനത്തിന് പുറത്തേക്ക് പറത്തി. മത്സരത്തില്‍ 11ാം ഓവറിലായിരുന്നു യാദവിനെ പുറത്താക്കി കൊല്‍ക്കത്ത തിരിച്ചടിച്ചത്. പക്ഷെയാദവ് മടങ്ങിയെങ്കിലും ക്യാപ്റ്റന്റെ കളി കെട്ടഴിച്ച രോഹിത് മുംബൈയെ മുന്നോട്ടു നയിക്കുകയായിരുന്നു. ഈ സമയം അദ്ദേഹം ഈ സീസണില്‍ തന്റെ ആദ്യ ഫിഫ്റ്റിയും പൂര്‍ത്തിയാക്കി. കേവലം 39 പന്തുകളില്‍ നിന്നായിരുന്നു ഈ നേട്ടം.